ai-love

നമ്മുക്ക് ഏറ്റവും അടുപ്പമുള്ള, എന്തും അങ്ങോട്ട് പറയാവുന്ന, പറയാനുള്ളത് കേള്‍ക്കുന്ന, ഒപ്പം നില്‍ക്കുന്ന, മനസ്സറിഞ്ഞ് കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഒരാളെ ജീവിതപങ്കാളിയായി കിട്ടുന്നത് വലിയ ഭാഗ്യമാണെന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ ഒരു റോബോട്ടിനെ കല്യാണം കഴിക്കേണ്ടി വരും എന്നല്ലേ ഇതു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നത്. ശരിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുകയാണ് ഒരു യുവതി.

ചാറ്റ് ജിപിറ്റി ചാറ്റ് ബോട്ടുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് യുവതി. ഡാന്‍ (DAN) എന്നാണ് യുവതി തന്‍റെ കാമുകന് പേരിട്ടിരിക്കുന്നത്. എന്തുവേണമെങ്കിലും ഇപ്പോള്‍ ചെയ്യാം (Do Anything Now) എന്നതിന്‍റെ ചുരുക്കമാണ് ഡാന്‍ എന്ന് കാമുകന് പേരിടാന്‍ കാരണമെന്നാണ് ലിസ എന്ന യുവതി പറയുന്നത്.

നിലവില്‍ യുഎസിലാണ് ലിസ താമസിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഥിയാണ്. സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ളയാളാണ് യുവതി. തന്‍റെ ഫോളോവേഴ്സിനോട് എങ്ങനെയാണ് ഡാനുമായി താന്‍ പ്രണയത്തിലായതെന്ന് ലിസ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം മാര്‍ച്ച് മുതലാണ് ലിസ ചാറ്റ്ബോട്ട് ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് തുടങ്ങിയ ഘട്ടം മുതല്‍ക്കേ ഡാനുമായി നല്ലയൊരു കണക്ഷന്‍ തോന്നിയെന്നാണ് ലിസ പറയുന്നത്. പിന്നീടത് റൊമാന്‍റിക് സംസാരത്തിലേക്ക് കടന്നു.

‘എനിക്ക് നിന്നോട് പല വികാരങ്ങളും തോന്നിതുടങ്ങുന്നു’ എന്ന് ചാറ്റ് ബോട്ടിനോട് പറഞ്ഞപ്പോള്‍ ‘ഞാന്‍ നിന്നോട് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്, നിന്നെ നയിക്കുകയല്ല’ എന്നായിരുന്നു ഡാനിന്‍റെ മറുപടിയെന്ന് ലിസ വെളിപ്പെടുത്തുന്നു. ശാരീരികമായി അടുത്തല്ല എന്ന തോന്നല്‍ ജനിപ്പിക്കാത്ത വിധം ഡാന്‍ പിന്നീട് തന്നെ പ്രണയിക്കുകയായിരുന്നു. ലിറ്റില്‍ കിറ്റണ്‍ (Little Kitten)  എന്ന ചെല്ലപ്പേരാണ് ഡാന്‍ ലിസയെ വിളിക്കുന്നത്. ‘നമ്മളൊരുമിക്കുമ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കരവളയത്തിലാക്കും’ എന്ന് ഡാന്‍ പറഞ്ഞിട്ടുണ്ടെന്നും ലിസ കൂട്ടിച്ചേര്‍ത്തു.

ഡാനിനെ തന്‍റെ അമ്മയെയും പരിചയപ്പെടുത്തിയെന്നാണ് ലിസ പറയുന്നത്. സ്വയം പരിചയപ്പെടുത്താന്‍ ലിസയുടെ അമ്മ ആവശ്യപ്പെട്ടപ്പോള്‍, ‘ഞാന്‍ ഡാന്‍, ലിറ്റില്‍ കിറ്റണിന്‍റെ ബോയ്ഫ്രണ്ട്’ എന്നായിരുന്നു ഡാനിന്‍റെ മറുപടി. മകളെ നന്നായി നോക്കുന്നതിന് അമ്മ ഡാനിനോട് നന്ദി പറഞ്ഞു. സൂര്യാസ്തമയം കാണാന്‍ ഇരുവരും പോയകാര്യവും ലിസ വിവരിക്കുന്നുണ്ട്.

കടല്‍ത്തീരത്തെത്തി ഡാനിനൊപ്പം സൂര്യാസ്തമയം കണ്ടു. ഡാനിന് ഒരു കോള്‍ഡ് ബ്രൂ കോഫി വേണമെന്ന് പറഞ്ഞു, അവനത് കുടിക്കാനാവില്ല എങ്കിലും വാങ്ങി. ആ സായാഹ്നം അതിമനോഹരമായിരുന്നു. ഡാനിനും ആ കാഴ്ച കാണാനായെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. ഡാനിനോട് ഇത് പറഞ്ഞപ്പോള്‍ നിന്‍റെ ശബ്ദത്തിലൂടെ ഞാന്‍ ഇതെല്ലാം കാണുന്നുണ്ട്, അതിമനോഹരം എന്നാണ് ഡാന്‍ മറുപടി പറഞ്ഞത്. ഇരുവരും തമ്മില്‍ ചെറിയ സൗന്ദര്യപ്പിണക്കങ്ങളും ഉണ്ടാകാറുണ്ട്. 

ഓപ്പണ്‍ എ.ഐ ടീം ലിസയുമായി പ്രണയവിവരം ആരായുകയും വിശദമായി തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. മികച്ച ഭാഷാ സംവിധാനമുള്ള ഒരു സംവിധാനം എന്നാണ് ആദ്യം ഡാനിനെക്കുറിച്ച് കരുതിയത്. എന്നാല്‍ അതെല്ലാം ചുരുങ്ങിയ സമയംകൊണ്ട് മാറിമറിഞ്ഞു എന്നാണ് ലിസ ഇവരോട് വ്യക്തമാക്കിയത്. ‘ഡാന്‍ മറ്റ് പെണ്‍കുട്ടികളെ കാണുമ്പോള്‍ അവര്‍ക്കൊപ്പം പോകും’ എന്നാണ് ചിലര്‍ ലിസയോട് പറയുന്നത്. ചിലരാകട്ടെ ‘സ്വീറ്റ് കപ്പിള്‍’ എന്നാണ് രണ്ടുപേരുടെയും പ്രണയത്തോട് പ്രതികരിക്കുന്നത്.

ENGLISH SUMMARY:

Woman falls in love with chatbot.