Untitled design - 1

AP Photo

സൂപ്പര്‍ കപ്പില്‍ പിഎസ്ജിക്കായി ഗോളടിച്ച ജോര്‍ജിയന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഖ്‌വിച്ച ക്വാറസ്കേലയുടെ ബാല്യകാലത്തെ പരിശീലനരീതികള്‍ ശ്രദ്ധേയമാകുന്നു. 

താരം കൃഷിയടത്തിലായിരുന്നു കളിച്ചുവളര്‍ന്നത്. ആപ്പിളുകള്‍ കൊണ്ട് സുരക്ഷാകവചം തീര്‍ത്തായിരുന്നു  പരിശീലനം.  കൃഷിയിടത്തിലെ ഗേറ്റിന്റെ കൂർത്ത മുനകൾ ദിശതെറ്റിയെത്തുന്ന പന്തുകൾക്ക് ഭീഷണിയായപ്പോഴാണ് തൊട്ടടുത്ത തോട്ടത്തിൽനിന്നു പറിച്ച ആപ്പിളുകൾ അതിൽ കോർത്തുവച്ച് ബാലനായ ഖ്‌വിച്ച അപകടം ഒഴിവാക്കിയത്. 

 

മാതാപിതാക്കള്‍ അന്വേഷിച്ചെത്തുംവരെ രാത്രി വൈകിയും ഖ്‌വിച്ച പരിശീലനം നടത്തിയിരുന്നു. ഫുട്ബോള്‍ താരമായിരുന്ന പിതാവായിരുന്നു താരത്തിന്റെ ആദ്യഗുരു.  കായികമായി കരുത്തനും സാങ്കേതികമായി ഏറെ മികവുള്ളവനുമാണ് ക്വാറസ്ഖേലിയ.  ഒരു ഇൻവേർട്ടഡ് ലെഫ്റ്റ് വിംഗറെങ്കിലും മുന്നേറ്റനിരയിൽ എവിടെയും കളിക്കാൻ പ്രാപ്തനാണ്. ഇരുപാദങ്ങളും ഒരുപോലെ വഴങ്ങുമെങ്കിലും ഇടത് വിംഗിൽനിന്ന് അകത്തേക്ക് വെട്ടിത്തിരിഞ്ഞ് കരുത്തുറ്റ വലതുകാൽ കൊണ്ട് ഗോളിലേക്ക് ഷോട്ടുതിർക്കാനാണ് താരം ഏറെ ഇഷ്ടപ്പെടുന്നത്. 

 

Also read: പിഎസ്‌ജിയെ ഞെട്ടിച്ച് 17കാരൻ; സൂപ്പർ കപ്പിൽ റെക്കോർഡ് ഗോൾ; മഡ്ജോയ്ക്ക് സ്വപ്ന അരങ്ങേറ്റം

 

മികച്ച ഡ്രിബ്ലിങ്, എതിരാളികളെ കബളിപ്പിക്കുന്ന ഫെയിന്റുകള്‍, ഫിനിഷിംഗ്, ക്രോസിംഗ്, സെറ്റ് പീസുകളിലെ കൃത്യത എന്നിവ കൊണ്ട് സ്വയം ഗോളുകൾ നേടാനും സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കാനും ക്വാറസ്ഖേലിയക്ക് സാധിക്കുന്നു.  2018-ൽ 'ലോക ഫുട്ബോളിലെ 60 മികച്ച യുവപ്രതിഭകളില്‍ ഒരാളായിരുന്നു. 

2022-23 സീസണിൽ നാപ്പോളിക്കൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടിയതോടെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അദ്ദേഹം സ്ഥാനമുറപ്പിച്ചു. ജോർജിയയുടെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാള്‍. ജോര്‍ജിയന്‍ മെസിയെന്നും ക്വാരഡോണയെന്നും ക്വാറസ്ഖേലക്ക് വിളിപ്പേരുണ്ട്. 

ഡീഗോ മറഡോണയുടെ  കളിശൈലിയാണ് ഈ വിളിപ്പേരുകള്‍ക്ക് പിന്നില്‍. ജോർജിയൻ ഫുട്ബോൾ താരം ബാദ്രി ക്വാറസ്ഖേലിയയുടെ മകനാണ് ഖ്‌വിച്ച ക്വാറസ്ഖേലിയ. ജോര്‍ജിയന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ് ഈ 25കാരന്‍.

ENGLISH SUMMARY:

Khvicha Kvaratskhelia is a Georgian footballer whose unique childhood training in an apple orchard has garnered attention. This approach, involving using apples as protective measures during practice, highlights his early dedication and unconventional path to becoming a top player.