Navi Mumbai: India's Jemimah Rodrigues with teammates celebrates after winning in the ICC Women's World Cup semifinal ODI cricket match between India Women and Australia Women, at the DY Patil Stadium, in Navi Mumbai, Thursday, Oct. 30, 2025. (PTI Photo/Kunal Patil) (PTI10_30_2025_000704B)
വനിതാ ലോകകപ്പ് ഫൈനലിലേക്ക് റെക്കോര്‍ഡ് റണ്‍ ചേസോടെ ഇന്ത്യന്‍ ടീമിനെ എത്തിച്ചതില്‍ അഭിനന്ദന പ്രവാഹങ്ങള്‍ക്ക് നടുവിലാണ് ജമിമ റോഡ്രിഗസ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഇതായിരുന്നില്ല സ്ഥിതി. ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന റീല്‍സിട്ട് നടന്ന ജമിമ സമൂഹമാധ്യമങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങള്‍ ചെറുതല്ല. കായികതാരങ്ങള്‍ ഇങ്ങനെ ചിരിച്ച് മറിഞ്ഞ് നടക്കേണ്ടവരല്ല, റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ആക്ഷേപങ്ങളില്‍ പ്രധാനം. ടീം തോല്‍ക്കുമ്പോഴും ജമിമയെ ചിരിച്ച മുഖത്തോടെ കാണുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. സന്തോഷമുള്ള മുഖഭാവവുമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടുന്നത് ശരിയല്ലെന്നെല്ലാം ആളുകള്‍ വിധിയെഴുതി.
എല്ലാ വിമര്‍ശനങ്ങള്‍ക്കും ജമിമയുടെ ബാറ്റ് മറുപടി പറഞ്ഞ ദിവസമായിരുന്നു ഇന്നലെ. 134 പന്തില്‍ 127 റണ്‍സുമായി ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ ജമിമ നിറഞ്ഞു. വനിതാ ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസ്. അതും ഏഴുതവണ ചാംപ്യന്‍മാരായ ഓസ്ട്രേലിയയ്ക്കെതിരെ. കടുത്ത സമ്മര്‍ദത്തെ അലിയിച്ച് കളഞ്ഞ് ജമിമയുടെ ബാറ്റില്‍ നിന്നും പിറന്നത് 14 ഉഗ്രന്‍ ഫോറുകളാണ്. ജയം അസാധ്യമെന്ന് കരുതിയിരുന്നവരെയും ആഘോഷം തുടങ്ങിയ ഓസീസ് ഡ്രസിങ് റൂമിനെയും ഞെട്ടിച്ച് ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. റീല്‍സെടുക്കാന്‍ മാത്രമല്ല, അതേ താളത്തില്‍ റണ്‍സടിക്കാനും അറിയാമെന്ന് താരം തെളിയിച്ചു.
കടുത്ത വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്‍റെയും പരാജയങ്ങളുടെയും സൈബര്‍ ആക്രമണങ്ങളുടെയും കഥയാണ് ജമിമയ്ക്ക് പറയാനുള്ളത്. സോഷ്യല്‍ മീഡിയ ക്രിക്കറ്റര്‍ എന്നാക്ഷേപിച്ചവര്‍ ഇനിയെന്ത് പറയും? ഈ ലോകകപ്പിലും ജമിമയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ പൂജ്യത്തിന് പുറത്തായി. എക്സ്ട്രാ ബോളറെ ഇന്ത്യന്‍ ടീമിന് വേണ്ടപ്പോഴെല്ലാം ജമിമയ്ക്ക് ബെഞ്ചിലായിരുന്നു സ്ഥാനം.ന്യൂസീലാന്‍ഡിനെതിരെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ജമിമ അര്‍ധസെഞ്ചറിയോടെ ഫോമിലേക്ക് മടങ്ങഇയെത്തി. ഇന്നലെ 'കുളിച്ച് കൊണ്ടിരുന്നപ്പോഴാണ് മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടി വരുമെന്ന് അറിഞ്ഞ'തെന്നായിരുന്നു മല്‍സര ശേഷം താരം വെളിപ്പെടുത്തിയത്.
Navi Mumbai: India's Jemimah Rodrigues reacts after winning in the ICC Women's World Cup semifinal ODI cricket match between India Women and Australia Women, at the DY Patil Stadium, in Navi Mumbai, Thursday, Oct. 30, 2025. (PTI Photo/Kunal Patil) (PTI10_30_2025_000727B)
2017 ല്‍ സൗരാഷ്ട്രയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചറി 2018 ല്‍ ജമിമയെ ഇന്ത്യന്‍ ടീമിലെത്തിച്ചു. ട്വന്‍റി 20യില്‍ 2018 ഫെബ്രുവരിയിലും മാര്‍ച്ചില്‍ ഏകദിനത്തിലും താരം അരങ്ങേറി. 57 ഏകദിനങ്ങളില്‍ നിന്നായി 1598 റണ്‍സാണ് താരം ഇതുവരെ നേടിയത്. 112 ട്വന്‍റി20കളില്‍ നിന്ന് 2375 റണ്‍സും ജമിമ നേടിയിട്ടുണ്ട്. 2017 ലോകകപ്പ് ഫൈനലോളമെത്തിയ ഇന്ത്യന്‍ വനിതാ ടീമിന് മുംബൈയില്‍ സ്വീകരണമൊരുക്കിയപ്പോള്‍ വിമാനത്താവളത്തില്‍ കാത്തുനിന്നവരില്‍ പതിനാറുകാരി ജമിമയുമുണ്ടായിരുന്നു. അത്തവണ ലോര്‍ഡ്സില്‍ പൊലിഞ്ഞ ലോകകപ്പ് സ്വപ്നത്തിന് നിറം പകരാന്‍ ഇക്കുറി ജമിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.