മുന്‍ ഭാര്യ ധനശ്രീ വര്‍മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ. തന്‍റെ പേരില്‍ പ്രചാരം നേടാനാണ് ധനശ്രീ ശ്രമിക്കുന്നതെന്നും, താന്‍ പഴയ കാര്യങ്ങളില്‍ നിന്നെല്ലാം ഏറെ മുന്‍പേ മുന്നോട്ട് പോയിട്ടുണ്ടെന്നും ചെഹല്‍ വ്യക്തമാക്കി. വിവാഹത്തിന്‍റെ ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെഹല്‍ വഞ്ചിച്ചതായിരുന്നുവെന്നാണ് ധനശ്രീ അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചെഹല്‍ മറുപടി നല്‍കി.
''ഞാന്‍ ഒരു കായികതാരമാണ്. ആരെങ്കിലും രണ്ടാമത്തെ മാസത്തില്‍ പിടിക്കപ്പെട്ടാല്‍ നാല് വര്‍ഷം വിവാഹജീവിതം തുടരാമോ? ഈ അധ്യായം എന്‍റെ ജീവിതത്തില്‍ അവസാനിച്ചു. എല്ലാവരും മുന്നോട്ട് പോകണം,'' ഒരു ദേശീയ മാധ്യമത്തോടുള്ള അഭിമുഖത്തില്‍ ചെഹല്‍ പറഞ്ഞു. ധനശ്രീ ഇപ്പോഴും തന്‍റെ പേരിനെ ആശ്രയിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അവരുടെ ജീവിതം ഇപ്പോള്‍ എന്‍റെ പേരിലാണ് നടക്കുന്നത്. അത് തുടരട്ടെ. എനിക്ക് അതില്‍ വിഷമമില്ല. ഞാന്‍ അത് മറന്നുപോയി,'' ചെഹല്‍ വ്യക്തമാക്കി.
താൻ ഇപ്പോൾ സിംഗിളാണെന്നും മിംഗിൾ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും ചെഹൽ പറഞ്ഞു. ജീവിതത്തിലും കളിയിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം വ്യക്തമാക്കി. 2020 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. 2025 ഐപിഎൽ സീസണിന് മുൻപ് വിവാഹമോചിതരായി. ഇതിന്‍റെ ഭാഗമായി ധനശ്രീക്ക് 4.75 കോടി രൂപ ചെഹൽ ജീവനാംശമായി നൽകി.