Soccer Football - Nations League - Semi Final - Spain v France - MHPArena, Stuttgart, Germany - June 5, 2025 Spain's Lamine Yamal REUTERS/Annegret Hilse
സ്പെയിനെ യുവേഫ നേഷന്‍സ് കപ്പ് ഫൈനലിലെത്തിച്ച ഇരട്ട ഗോളോടെ ലമീന്‍ യമാല്‍ നസ്രേയി എബാന എന്നപേരിലേക്ക് രാജ്യാന്തര ഫുട്ബോള്‍ ചുരുങ്ങും എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. മെസിക്കും റൊണാള്‍ഡോയ്ക്കും ശേഷം ഫുട്ബോള്‍ ലോകത്തെ പട്ടാഭിഷേകത്തിന് ലമീന്‍ യമാല്‍ തയാറെടുക്കുന്നു. ഇതിഹാസങ്ങളും ഭാവി ഇതിഹാസവും നേര്‍ക്കുനേര്‍ വരുന്ന രണ്ട് വമ്പന്‍ മല്‍സരങ്ങളാണ് ഫുട്ബോള്‍ ലോകത്തെ കാത്തിരിക്കുന്നത്. അതില്‍ ആദ്യത്തേത് ഈ മാസം ഒന്‍പതിന് ജര്‍മനിയില്‍ നടക്കും. യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ സ്പെയിന്റെ പ്രതീക്ഷ ബൂട്ടിലേറ്റി ലമീന്‍ ഇറങ്ങും. റൊണാള്‍ഡോയെ താന്‍ ഏറെ ബഹുമാനിക്കുന്നു.എന്നാല്‍ ഞാന്‍ എന്റെ പണിചെയ്യും എന്നാണ് ലമീന്‍ ഫൈനിനെക്കുറിച്ച് പറഞ്ഞത്. മെസിക്ക് എതിരെ ലമീന്‍ ബൂട്ടുകെട്ടുന്നത് ഫൈനലിസമയിലാണ്. സ്പെയിനും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുന്ന ഈ മല്‍സരവും വൈകാതെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കാണാനാകും.
Spain's forward #19 Lamine Yamal celebrates after the UEFA Nations League semi-final football match between Spain and France in Stuttgart, southwestern Germany, on June 5, 2025. (Photo by THOMAS KIENZLE / AFP)
ആരാണ് ലമീന്‍ യമാല്‍
പതിനാറാം വയസ്സിലെ ഗോൾ നേട്ടത്തോടെ ലമീൻ യമാൽ പിന്നിലാക്കിയത് ബ്രസീലിയൻ ഇതിഹാസം പെലെയെ ആയിരുന്നു. ലോകകപ്പിലോ യൂറോയിലോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് 2024ലെ യൂറോകപ്പില്‍ ലമീന്‍റെ പേരിലാണ്. ഫ്രാൻസിനെതിരെ ഗോൾ നേടുമ്പോൾ യമാലിന്റെ പ്രായം 16 വയസ്സും 362 ദിവസവും. സ്പെയിനിലെ കാറ്റലൂനിയൻ പ്രവിശ്യയിലുള്ള റോക്കഫോൻഡയിലാണ് യമാൽ ജനിച്ചത്. മൊറോക്കോ –ഇക്വറ്റോറിയൽ ഗിനി വംശജരാണ് യമാലിന്‍റെ മാതാപിതാക്കൾ. തന്‍റെ പൈതൃകം ഓർമിക്കാൻ രണ്ടു രാജ്യങ്ങളുടെയും പതാക ബൂട്ടിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട് യമാൽ.
ആ പേര് വന്നതിങ്ങനെ...
വൈവിധ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുവന്ന ലമീന്‍ യമാലിന്‍റെ പേരിനു പിന്നില്‍ കണ്ണീരുപ്പ് കലര്‍ന്നൊരു നന്ദിയുടെ കഥയുണ്ട്. ലമീന്‍ യമാലിന്‍റെ മാതാപിതാക്കള്‍ സാമ്പത്തികമായി ഏറെ പിന്നില്‍ നിന്നപ്പോള്‍ സഹായിച്ച രണ്ടുപേരാണ് ലമീനും യമാലും ഇവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ് ലമീന്‍ യമാല്‍ എന്നപേര് മാതാപിതാക്കള്‍ അവന് നല്‍കിയത്.
മെസിയുടെ താളം, നെയ്മാറിന്‍റെ ചുവട്....യമാലിന്‍റെ 'ട്രിവേല'
അറ്റാക്കിങ് ഓൾറൗണ്ടർ ലെഫ്റ്റ് ഫൂട്ടറായ യമാൽ പ്രധാനമായും വലതു വിങ്ങിലാണ് കളിക്കുന്നത്. ഉജ്വലമായ ഡ്രിബ്ലിങ് മികവും വേഗവുമുള്ള യമാൽ ഉള്ളിലേക്കു വെട്ടിച്ചു കയറി ഷോട്ടുകൾ തൊടുക്കാന്‍ മിടുക്കനാണ്. ടച്ച് ലൈനിലൂടെ പന്തുമായി മുന്നേറി ക്രോസുകള്‍ നല്‍കാനും കേമന്‍. ആധുനിക ഫുട‌്ബോളിലെ അളവുകോലുകളിലൊന്നായ പ്രോഗസീവ് പാസുകളിൽ മികച്ച റെക്കോർഡാണ് യമാലിനുള്ളത്. വശങ്ങളിലേക്കും പിന്നിലേക്കുമുള്ള പാസുകൾക്കും പകരം മുന്നോട്ടു പാസ് നൽകി പന്തിനെ ഗോൾ സാധ്യതയുള്ള സ്ഥലങ്ങളിലെത്തിക്കാൻ ഇതു കൊണ്ടു തന്നെ യമാലിനു സാധിക്കുന്നു.
പുറം കാല്‍പാദം ഉപയോഗിച്ച് യമാല്‍ തൊടുക്കുന്ന ‘ട്രിവേല’യാണ് പയ്യന്റെ ട്രേഡ് മാര്‍ക്ക്. ഈ ഷോട്ട് കരുത്ത് കൂട്ടുന്നതും വളഞ്ഞ് ചുറ്റിയെത്തുന്നതും ആയതിനാല്‍ അതിന്റെ ഗതി പ്രവചനാതീതമാക്കുന്നു . കളത്തിലെ നീക്കങ്ങളില്‍ നെയ്മാറിന്റെ ചുവടുവയ്പ്പുകളെ ഓര്‍മിപ്പിക്കുന്നു, ഒപ്പം മെസിയുടെ താളവും ആ നീക്കങ്ങളില്‍ കാണാം. മെസി ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന 19 നമ്പറാണ് യമാലിന്റെ ജേഴ്സി നമ്പര്‍. സ്പെയിനുേവണ്ട് 20 മല്‍സരം കളിച്ച യമാല്‍ ആറുഗോള്‍ നേടി. ബാര്‍സയുടെ ജേഴ്സിയില്‍ 73 മല്‍സരങ്ങളില്‍ നിന്ന് 14ഗോളും നേടി. ലമീന്‍ യമാല്‍ ഇതിനകം യൂറോകപ്പ് നേടി, നേഷന്‍സ് ലീഗ് ഫൈനല്‍ അടുത്തത്. അന്ന് ഇതിഹാസവും ഭാവി ഇതിഹാസവും ഏറ്റുമുട്ടുമ്പോള്‍ ആര് കപ്പുയര്‍ത്തുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.