ഇതുവരെ കളിച്ചത് 19 ടെസ്റ്റ് ഇന്നിങ്സുകള്‍. 64.77 ബാറ്റിങ് ശരാശരിയില്‍ സ്കോര്‍ ചെയ്തത് 1166 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 70.53. 2001ല്‍ ജനിച്ച് 2023ല്‍ ഇന്ത്യക്കായി റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ഭൂപേന്ദ്ര കുമാര്‍ ജയ്സ്വാളിന്‍റെ കരിയര്‍ റെക്കോര്‍ഡ് ഇങ്ങനയാണ്. ഇവിടം കൊണ്ടും തീരുന്നില്ല. മൂന്ന് സെഞ്ചറി, ആറ് അര്‍ധ ശതകം, 131 ഫോറുകള്‍, 31 സിക്സുകള്‍...ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ ഒരു ഓപ്പണിങ് സ്ലോട്ടിലേക്ക് ഇനി മറ്റാരേയും പരീക്ഷിക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയാണ് യശസ്വി. ഒപ്പം ലോക ക്രിക്കറ്റ് അടക്കി വാഴാന്‍ പോകുന്നെന്ന സൂചനയും നല്‍കുന്നു...
ഏറ്റവും വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍. ഇന്ത്യക്കായി വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്തുന്ന മൂന്നാമത്തെ താരം. സെവാഗിന്റെ റെക്കോര്‍ഡ് ആണ് യശസ്വി ഇവിടെ മറികടന്നത്. 19 ഇന്നിങ്സുകളും എടുത്താല്‍ യശസ്വിയുടെ സ്കോര്‍ ഇങ്ങനെ, 72, 10, 56, 57, 37, 79, 214, 10, 17, 209, 15, 80, 0, 5, 17, 38, 57, 171.
2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ കളിച്ചായിരുന്നു യശസ്വിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ തന്നെ സെഞ്ചറി നേടി ഇടംകയ്യന്‍ ഓപ്പണര്‍ നയം വ്യക്തമാക്കി. 387 പന്തുകള്‍ നേരിട്ടാണ് യശസ്വി അവിടെ 171 റണ്‍സ് കണ്ടെത്തിയത്. രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സും നേടി സെഞ്ചറിക്കരികെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ 30ന് മുകളിലേക്ക് സ്കോര്‍ ഉയര്‍ത്താന്‍ യശസ്വിക്കായില്ല.
എന്നാല്‍ 2024ലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ യശസ്വി വിശ്വരൂപം പുറത്തെടുത്തു. ആദ്യ ടെസ്റ്റില്‍ 109 പന്തില്‍ നിന്ന് 95 റണ്‍സ്. പിന്നാലെ തുടരെ രണ്ട് വട്ടം ഇരട്ട സെഞ്ചറി നേടിയാണ് യശസ്വി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇരട്ട സെഞ്ചറിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ സെഞ്ചറിയും അര്‍ധ ശതകവും. 712 റണ്‍സ് ആണ് യശസ്വി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് സ്കോര്‍ ചെയ്തത്.
വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 290 പന്തില്‍ നിന്ന് യശസ്വി നേടിയത് 209 റണ്‍സ്. മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ യശസ്വി സ്കോര്‍ ചെയ്തത് 236 പന്തില്‍ നിന്ന് 214 റണ്‍സ്. 2024 കലണ്ടര്‍ വര്‍ഷം 878 റണ്‍സ് ആണ് യശസ്വി ടെസ്റ്റില്‍ സ്കോര്‍ ചെയ്തത്. ഈ വര്‍ഷത്തെ ബാറ്റിങ് ശരാശരി 67.17.
കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തതില്‍ ജോ റൂട്ടും മെന്‍ഡിസുമാണ് യശസ്വിക്ക് മുന്‍പിലുള്ളത്. 20 ഇന്നിങ്സില്‍ നിന്ന് റൂട്ട് കണ്ടെത്തിയിരിക്കുന്നത് 986 റണ്‍സും 12 ഇന്നിങ്സില്‍ നിന്ന് മെന്‍ഡിസ് കണ്ടെത്തിയത് 943 റണ്‍സും. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കൂടി വരുന്നതോടെ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം എത്തിപ്പിടിക്കാന്‍ യശസ്വിക്ക് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1094 റണ്‍സ് ആണ് യശസ്വിയുടെ പേരില്‍ ഇപ്പോഴുള്ളത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ റൂട്ടിനെ മറികടന്ന് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ യശസ്വിക്ക് വേണ്ടത് 300ല്‍ താഴെ റണ്‍സ് മാത്രം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ യശസ്വിയാണ്. രോഹിത്തും രഹാനെയുമാണ് പിന്നെയുള്ളത്. നിലവില്‍ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ അഞ്ചാമതാണ് യശസ്വി. ഇനി വരുന്ന ഓസ്ട്രേലിയന്‍ പര്യടനം യശസ്വിക്ക് നിര്‍ണായകമാവും.