'ദ് ഡെവിള്‍' എന്നാണ് ഘാനയില്‍ സുവാരസിന്റെ വിളിപ്പേര്. 14 വര്‍ഷം മുന്‍പ് ജൊഹന്നാസ്ബര്‍ഗില്‍ യുറഗ്വായെ രക്ഷിച്ചുകയറ്റിയതിനാണ് ഘാനക്കാര്‍ സുവാരസിന് ആ പേര് ചാര്‍ത്തിക്കൊടുത്തത്. 1-1 എന്ന നിലയില്‍ സ്കോര്‍ തുല്യമായി നില്‍ക്കുമ്പോഴാണ് സുവാരസിന്റെ കയ്യില്‍ തട്ടി ഘാനയുടെ വിജയ ഗോള്‍ അകന്നത്. ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കാന്‍ ഘാനയ്ക്ക് സാധിച്ചതുമില്ല. ഫുട്ബോള്‍ ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളിലൂടെ പലവട്ടം ആരാധകരുടെ സിരകളില്‍ തീപടര്‍ത്തിയിട്ടുണ്ട് സുവാരസ്. 2011ലെ യുറഗ്വായുടെ കോപ്പ അമേരിക്ക ജയത്തില്‍ ടൂര്‍ണമെന്റിലെ താരമായാണ് സുവാരസ് മുന്‍പില്‍ നിന്ന് നയിച്ചത്. 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ സ്പെയ്നിനെതിരെ തൊടുത്ത ത്രസിപ്പിക്കുന്ന ഫ്രീകിക്ക്... സുവാരസ് ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച നിമിഷങ്ങള്‍ ഇങ്ങനെ പലതുണ്ട്. എങ്കിലും ആ ഹാന്‍ഡ് ബോളും കില്ലെനിയുടെ തോളില്‍ പതിഞ്ഞ സുവാരസിന്റെ പല്ലുകളും ഫുട്ബോള്‍ ലോകത്തിന്റെ ഓര്‍മകളില്‍ നിന്ന് അങ്ങനെ മായില്ല.
അന്നുമുതല്‍ ഘാനയൊന്നാകെ തനിക്കെതിരെ തിരിഞ്ഞിട്ടും സുവാരസ് കുലുങ്ങിയില്ല. ആ ഹാന്‍ഡ് ബോളിന്റെ പേരില്‍ ക്ഷമ ചോദിക്കില്ലെന്ന് സുവാരസ് അന്നും ഇന്നും ഉറപ്പിച്ച് പറയുന്നു. ‘ഞാന്‍ കാരണം അവരുടെ കളിക്കാരന് പരിക്കേറ്റിരുന്നെങ്കില്‍ ക്ഷമ ചോദിച്ചേനെ. എന്നാല്‍ അവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. അവരുടെ പെനാല്‍റ്റി വലയിലെത്തിക്കുക എന്റെ ജോലിയല്ല.’ എന്നും കളിക്കളത്തില്‍ പ്രകടിപ്പിച്ച വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവമുണ്ട് സുവാരസിന്റെ ആ വാക്കുകളില്‍...
17 വര്‍ഷം നീണ്ട കരിയര്‍ സുവാരസ് അവസാനിപ്പിക്കുകയാണ്. വെള്ളിയാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരമായിരിക്കും യുറഗ്വായ് ജഴ്സിയിലെ അവസാനത്തേത്. എതിരാളികള്‍ പരാഗ്വെ. ‘പരുക്കേറ്റ് വിരമിക്കേണ്ടി വന്നില്ല എന്ന ആശ്വാസമുണ്ട്. ടീമില്‍ നിന്ന് എന്നെ ഒഴിവാക്കാനും ഇതുവരെ ആരും ശ്രമിച്ചില്ല...’ കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു.
2014 ലോകകപ്പിലാണ് സുവാരസ് തന്റെ പേര് ഫുട്ബോള്‍ ലോകത്ത് കൊത്തിവയ്ക്കുന്നത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ടിന് സുവാരസിന്റെ യുറഗ്വായ് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തുകൊടുത്തു. പിന്നെയായിരുന്നു ഫുട്ബോള്‍ ലോകത്തെ പിടിച്ചുലച്ച ആ സംഭവം. ഫുട്ബോള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത 'കടി'. ഇറ്റാലിയന്‍ താരം കില്ലെനിയുടെ തോളില്‍ സുവാരസിന്റെ പല്ലുകള്‍ പതിഞ്ഞു. എന്നാല്‍ താന്‍ ബാലന്‍സ് തെറ്റി വീണപ്പോള്‍ സംഭവിച്ചത് എന്നായിരുന്നു സുവാരസിന്റെ വാദം. സുവാരസിനെതിരെ അന്ന് ഫിഫ നടപടിയൊന്നും എടുത്തില്ല. സുവാരസിന്റെ പല്ലിന്റെ കരുത്തറിഞ്ഞ ഒട്മന്‍ ബക്കലിനും, ബ്രാനിസ്ലാവിന്റേയും കൂട്ടത്തിലേക്ക് കില്ലെനിയുടെ പേരും എഴുതപ്പെട്ടെന്നുമാത്രം. എന്നാല്‍ ആ സംഭവത്തിന്റെ പേരില്‍ ലോകം തന്നെ ഓര്‍ക്കുന്നതില്‍ സുവാരസ് എന്നും വേദനിച്ചിരുന്നു.
‘അന്ന് എന്റെ പല്ലുകള്‍ കില്ലെനിയുടെ തോളില്‍ പതിഞ്ഞതിന്റെ പേരിലാണ് ഇപ്പോഴും ഞാന്‍ ഓര്‍മിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തിന്റെ പേരില്‍ ഓര്‍മിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം...’ സുവാരസ് അത് പലപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. തന്റെ അവസാന കോപ്പ അമേരിക്ക പോരിന് ഇറങ്ങിയ സുവാരസ് അതിനായി നടത്തിയ ശ്രമങ്ങളും വെറുതെയായിരുന്നില്ല. കാനഡയ്ക്കെതിരെ ഇഞ്ചുറി ടൈമില്‍ യുറഗ്വായെ രക്ഷിച്ച സുവര്‍ണ ഗോള്‍! കോപ്പ അമേരിക്കയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടമാണ് അവിടെ 37ാം വയസില്‍ സുവാരസ് എഴുതിച്ചേര്‍ത്തത്.
യുറഗ്വായ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് സുവാരസ്. 142 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകള്‍. 2014 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലെക്കെതിരെ വന്നത് നാല് ഗോളുകള്‍! 2014 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് നോക്കൗട്ടിലേക്ക് യുറഗ്വായ് പറന്നതും സുവാരസിന്റെ തോളിലേറി. പക്ഷെ, ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെയാണ് യുറഗ്വായ് മടങ്ങിയത്. ‘ഞങ്ങളുടെ ജനത എന്നെ ബഹുമാനിക്കുന്നില്ലെങ്കിലും യുറഗ്വായിക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു...’ അന്ന് ഹൃദയം തകര്‍ന്ന് സുവാരസ് പറഞ്ഞ വാക്കുകളിലുണ്ട് കരിയറിലൂടനീളം വേട്ടയാടിയ ആ ദുഖങ്ങള്‍...