രാജ്യത്തിന്‍റെ ദുഃഖമാണ് ഇപ്പോള്‍ വിനേഷ് ഫോഗട്ട്. പാരീസ് ഒളിംപിക്സിലെ മെഡല്‍ നഷ്ടം ഇനിയും ഉള്‍ക്കൊള്ളാന്‍ വിനേഷിനായിട്ടില്ല. അവര്‍ക്കൊപ്പം അതേ വേദന അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് ഹരിയാനയില്‍. വിനേഷിന്‍റെ ജന്‍മനാടായ ബലാലി ഗ്രാമം. ഗുസ്തിയെ പ്രണയിക്കുന്ന ആ ഗ്രാമത്തില്‍ മനോരമ ന്യൂസ് സംഘം കണ്ട കാഴ്ചകളിലേക്ക്.
നിറയെ പച്ചപ്പും കൃഷിയിടങ്ങളുമുള്ള ചെറിയ ഗ്രാമം. പ്രധാന റോഡില്‍നിന്ന് തിരിയുമ്പോള്‍ തന്നെ കാണാം ആ നാടിന്‍റെ വിലാസം. വിനേഷ് ഫോഗട്ട്. എവിടെയും പ്രിയപുത്രിയെ വരവേല്‍ക്കുന്ന ബാനറുകള്‍. പൊടിപാറുന്ന വഴിയിലൂടെ മുന്നോട്ടുപോയാല്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഒരു ഇരുനില വീടിന് മുന്നിലെത്തും. അതാരുടെ വീടാണെന്ന് ചുമരിലെ ചിത്രങ്ങള്‍ പറയും. വിനേഷ് വീട്ടിലില്ല. ദുഃഖം നിഴലിക്കുന്ന മുഖവുമായി സഹോദരന്‍ ഹര്‍വീന്ദറും രണ്ടുമൂന്നു ബന്ധുക്കളും പുറത്തുണ്ട്. അവര്‍ക്ക് പറയാനുള്ളത് വിനേഷിന്‍റെ നഷ്ടത്തെ കുറിച്ചും നാടു നല്‍കുന്ന സ്നേഹത്തെ കുറിച്ചും മാത്രം.
ഇനി ഗോദയിലേക്ക്.വിനേഷ് ഗുസ്തി പഠിച്ചു വളര്‍ന്ന പരിശീലനക്കളരിയിലേക്ക്. ഇന്നത് ആധുനിക സംവിധാനങ്ങളുള്ള അഘാഡയാണ്
ഗോദയോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ കുറെ അമ്മമാരുണ്ട്. വിനേഷിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കും നൂറുനാവ്. മടങ്ങുന്നവഴി വിനേഷ് പഠിച്ച സര്‍ക്കാര്‍ സ്കൂളിലും കയറി. വിനേഷിന്‍റെ നഷ്ടം ഈ നാടിന്‍റെ കൂടി നഷ്ടമാണ്. വിനേഷ് കരയുമ്പോള്‍ അവരും കരയുന്നു.