bumrah-sanjana

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ട്വന്‍റി– ട്വന്‍റി മത്സരത്തിനു തൊട്ടുപിന്നാലെ നടന്ന ഒരു അഭിമുഖം സൈബര്‍ ഇടത്ത് വൈറലാകുകയാണിപ്പോള്‍. കളിയില്‍ അതിനിര്‍ണായക ഘടകമായ ജസ്പ്രീത് ബുമ്രയുടെ വിഡിയോയാണിത്. കൂടെയുള്ളതാകട്ടെ ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശനും. ചാനല്‍ അവതാരകയായ സഞ്ജനയാണ് ബുമ്രയോട് കളിയെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയത്. 

ഗ്രൗണ്ടിനെക്കുറിച്ചും കളത്തിലെ ആത്മവിശ്വാസത്തെക്കുറിച്ചും വളരെ വ്യക്തമായി സംസാരിച്ച ബുമ്ര അവസാനം മുപ്പത് മിനിറ്റിനകം നമുക്ക് വീണ്ടും കാണാം എന്നു പറഞ്ഞ് നടന്നകലുന്നു. ഇതോടെ വൈകിട്ടെന്താ കഴിക്കാന്‍ എന്ന ചോദ്യവുമായി സഞ്ജനയും. ഈ വിഡിയോ കുറഞ്ഞ സമയംകൊണ്ടുതന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘കപ്പിള്‍ ഗോള്‍സ്’ എന്നാണ് അധികമാളുകളും കമന്‍റ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തിയ മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായത് ബുമ്ര എറിഞ്ഞ നാല് ഓവറുകളായിരുന്നു. കുറഞ്ഞ ലക്ഷ്യത്തിനുള്ളിൽ പാകിസ്ഥാനെ വരിഞ്ഞുകെട്ടാനായതും ഇതിലൂടെയാണ്. 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബുമ്ര നാല് ഓവറിൽ നേടിയത്. ഇതിനൊപ്പം 11 ഡോട്ട് ബോളുകളും ബുമ്രയുടെ ഓവറുകളിൽ പിറന്നു. ബുമ്രയുടെ മൂന്ന് വിക്കറ്റുകളിൽ രണ്ടും ഹെവിവെയ്റ്റുകളായിരുന്നു. നായകൻ ബാബർ അസമിനെയും ടോപ്പ് സ്കോറർ മുഹമ്മദ് റിസ്വാനെയും വീഴ്ത്തിയത് ബുമ്രയുടെ തീബോളുകളാണ്. ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതിൻറെ ക്രെഡിറ്റും ബുമ്രയ്ക്ക് തന്നെ.

മൂന്നാം ഓവർ എറിയാനെത്തിയ ബുമ്ര നാല് റൺസാണ് വിട്ടുകൊടുത്തത്. മൂന്ന് പന്ത് ഡോട്ട് ബോൾ. ബുമ്ര വീണ്ടും പന്തെടുക്കുന്നത് അഞ്ചാം ഓവറിലാണ്. മൂന്നാം പന്തിൽ ബാബർ അസം ബൗണ്ടറി നേടുന്നു. അടുത്ത പന്ത് ഒഴിവാക്കാനുള്ള ശ്രമം പരാജയപ്പെട്ട് സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് പാക് ക്യാപ്റ്റൻ പുറത്താക്കുന്നത്. 26 റൺസിൽ നിൽക്കുമ്പോഴാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിയുന്നത്.

പിന്നീട് നിർണായക ഘട്ടത്തിൽ 15–ാം ഓവർ എറിയാനാണ് ബുംമ്ര എത്തുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 റൺസുമായി മികച്ച നിലയിൽ നിൽക്കുമ്പോഴാണ് ബുമ്രയുടെ ആദ്യ പന്തിൽ റിസ്വാൻ പുറത്താകുന്നത്. 31 റൺസെടുത്ത മുഹമ്മദ് റിസ്‍വാൻ ബുമ്രയുടെ പന്തിൽ ബൗൾഡായി. ഈ ഓവറിൽ വെറും മൂന്ന് റൺസാണ് ബുമ്ര വഴങ്ങിയത്. ബുമ്ര പിന്നീട് എത്തിയത് 19-ാം ഓവറിലാണ്.

ഇതിനിടയിലെ മൂന്ന് ഓവറുകളിൽ അക്സർ പട്ടേലും ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും പാകിസ്ഥാൻ ബാറ്റിങിനെ പരീക്ഷിച്ചു. ഇതിൽ പാണ്ഡ്യ ഷഹബാസ് ഖാനെ പുറത്താക്കി പാകിസ്ഥാനെ ഒന്നൂടെ വരിഞ്ഞു. ബുമ്ര 19-ാം ഓവർ എറിയാനെത്തുമ്പോൾ 21 റൺസാണ് രണ്ടോവറിൽ പാകിസ്ഥാന് വേണ്ടിയിരുന്നത്. അവസാന ഓവറിലെ അവസാന പന്തിൽ ഇഫ്തിക്കർ അഹമ്മദിൻറെ വിക്കറ്റും കൂടി വീഴ്ത്തി മൂന്ന് റൺസ് വഴങ്ങിയാണ് ബുമ്ര ഓവർ അവസാനിപ്പിച്ചത്.

ENGLISH SUMMARY:

'What's for dinner?'; Jasprit Bumrah and his wife Sanjana Ganesan gave their fans an adorable 'couple goals' moment after India defeated Pakistan in the T20 World Cup 2024.