'പട്ടാള ചിട്ട പിന്തുടരുന്ന പരിശീലകന്‍.. ലോകത്തിന്റെ പല ഭാഗങ്ങളില്‍ കളിച്ച താരങ്ങളോട് എങ്ങനെ പെരുമാറണം എന്ത് ധരിക്കണം എന്നൊന്നും ആരും പറഞ്ഞുതരേണ്ട കാര്യമില്ല..' ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പരിശീലന രീതിയെ വിമര്‍ശിച്ച് ഡേവിഡ് വീസ് പറഞ്ഞതിങ്ങനെ. എന്നാല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്‍ ചരിത്രത്തിലാദ്യമായി ലീഗ് സ്റ്റേജില്‍ ഒന്നാമതെത്തി. പിന്നാലെ കിരീടവും ചൂടി വിമര്‍ശനങ്ങള്‍ക്ക് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ മറുപടി.
ഫോട്ടോ: പിടിഐ
മെന്ററുടെ റോളില്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ഗംഭീറിനാണ് കെകെആറിന്റെ മിന്നും പ്രകടനത്തിന്റെ ക്രഡിറ്റെല്ലാം പോകുന്നതെങ്കിലും ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന പരിശീലകനെ മറന്നുകളയാനാവില്ല. മുഖ്യപരിശീലകനായ ഒരു ഇന്ത്യന്‍ താരമുള്ള ഏക ടീമായിരുന്നു ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ലിവര്‍പൂള്‍ മുന്‍ പരിശീലകന്‍ ക്ലോപ്പിനോടാണ് ചന്ദ്രകാന്ത് പണ്ഡിറ്റിനെ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്സ് താരതമ്യപ്പെടുത്തുന്നത്. ഹൃദയം കൊടുത്ത് ടീമിനൊപ്പം നില്‍ക്കുന്നയാള്‍ എന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ വിശേഷണം.
വിദര്‍ബ ടീമിനൊപ്പം രഞ്ജി ജയം ആഘോഷിക്കുന്ന ചന്ദ്രകാന്ത്. ഫോട്ടോ: പിടിഐ
2023ലാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍ ആ സീസണില്‍ കൊല്‍ക്കത്ത സീസണ്‍ അവസാനിപ്പിച്ചത് ഏഴാം സ്ഥാനത്ത്. വിദേശ താരങ്ങള്‍ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെട്ടപ്പോള്‍ റിങ്കു സിങ്, നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരീക്കന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനായിരുന്നു. തൊട്ടടുത്ത സീസണിലേക്ക് എത്തിയപ്പോള്‍ വിദേശ താരങ്ങളും മിന്നി.
2022ല്‍ മധ്യപ്രദേശിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. ഫോട്ടോ: പിടിഐ
ഐപിഎല്ലിലേക്ക് എത്തും മുന്‍പ് ഡൊമസ്റ്റിക് ക്രിക്കറ്റില്‍ സുവര്‍ണ നേട്ടങ്ങള്‍ വാരിക്കൂട്ടിയ പരിശീലകനാണ് ചന്ദ്രകാന്ത്. പരിശീലക സ്ഥാനത്തിരുന്ന് ആറ് വട്ടമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് രഞ്ജി ട്രോഫി കിരീടം നേടിയത്. 2002-03, 2003-04, 2015-16 വര്‍ഷങ്ങളില്‍ മുംബൈയെ ചന്ദ്രകാന്ത് രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. 2016-17, 2017-18 സീസണുകളില്‍ വിദര്‍ബയെ രഞ്ജി ട്രോഫി കിരീടത്തിലെത്തിച്ചു. 2022ല്‍ മധ്യപ്രദേശ് ടീമിന്റെ പരിശീലകനായിരുന്നും ചന്തു എന്ന് വിളിപ്പേരുള്ള ചന്ദ്രകാന്ത് പണ്ഡിറ്റ് രഞ്ജി കിരീടം നേടിയെടുത്തു.
ഇന്ത്യന്‍ ടീമില്‍ 1986 മുതല്‍ 1992 വരെയായിരുന്നു ചന്ദ്രകാന്ത് പണ്ഡിറ്റ് കളിച്ചിരുന്നത്. അഞ്ച് ടെസ്റ്റിലും 35 ഏകദിനങ്ങളിലും ഇന്ത്യക്കായി ഇറങ്ങി. കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ചന്ദ്രകാന്ത് പണ്ഡിറ്റിനെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന മുറവിളികളും ശക്തമായി. എന്നാല്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ചന്ദ്രകാന്ത് പണ്ഡിറ്റിന് അപേക്ഷ നല്‍കാനാവില്ല. കാരണം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 60 വയസാണ്. ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പ്രായം 62 വയസും.