rafael-nadal

TOPICS COVERED

'അടുത്ത നാലര മണിക്കൂറോളം ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാവും ഞാനിവിടെ പുറത്തെടുക്കാൻ പോകുന്നത്... നദാലിനെ റൊളാങ് ​ഗാരോസിൽ തോൽപ്പിക്കണം എങ്കിൽ ഇങ്ങനെ നിങ്ങൾ മനസിൽ ഉറപ്പിച്ചേ മതിയാവു. കാരണം നിങ്ങൾ എത്ര മികച്ചുനിന്നാലും അതിന് മുകളിൽ നിൽക്കാൻ കളിമൺ കോർട്ടിൽ നദാലിന് സാധിക്കും...' 2022 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി വഴങ്ങിയ കാസ്പർ റൂഡ് നദാലിനെ കുറിച്ച് പറഞ്ഞതിങ്ങനെ. ഫോർഹാൻഡിലൂടെ കണ്ടെത്താനാവുന്ന ടോപ് സ്പിൻ, കളിമൺ കോർട്ടിൽ മറ്റ് താരങ്ങൾ പരിമിതികളിലേക്ക് വീഴുന്നിടത്ത് വേ​ഗതയും കരുത്തും ബാലൻസും നിറച്ച് അമാനുഷികനാവാനുള്ള കഴിവ്. 63 കിരീടങ്ങൾ കളിമൺ കോർട്ടിൽ നിന്ന് നദാൽ സ്വന്തമാക്കിയപ്പോൾ ചരിത്രത്തിലിടം നേടിയ നിമിഷങ്ങൾ നിരവധി. എന്നാൽ കരിയറിന്റെ അവസാന ലാപ്പിൽ എന്ന് വിലയിരുത്തപ്പെടുന്ന ഘട്ടത്തിൽ നെഞ്ചോട് ചേർത്ത കളിമൺ കോർട്ടിലും നദാലിന് കാലിടറുന്നു. 11ാം ഇറ്റാലിയൻ ഓപ്പൺ കിരീടം മോഹിച്ചെത്തിയ നദാൽ 93 മിനിറ്റ് മാത്രം നീണ്ട പോരിൽ തുടരെ രണ്ട് സെറ്റും കൈവിട്ട് പുറത്തായി. പിന്നോട്ട് വലിക്കുന്ന ഫിറ്റ്നസ് പ്രശ്നങ്ങൾ ഒരു വശത്ത് വില്ലനാവുമ്പോൾ 2024ലെ ഫ്രഞ്ച് ഓപ്പൺ നദാലിന് മുൻപിൽ വലിയൊരു ചോദ്യമായിരുന്നു. ഒടുവില്‍ ഫ്ര‍ഞ്ച് ഓപ്പണില്‍ ആദ്യമായി നദാല്‍ ആദ്യ റൗണ്ടില്‍ പുറത്ത്.

nadal-puerta

2005 ഫ്രഞ്ച് ഓപ്പണില്‍ പ്യുര്‍ട്ടയെ വീഴ്ത്തി കിരീടവുമായി നദാല്‍. ഫോട്ടോ: എപി

ജര്‍മനിയുടെ നാലാം സീഡ് അലക്സാണ്ടര്‍ സ്വരേവിനോട് 3–6,6–7,3–6ന് തോൽവി സമ്മതിച്ച് മടങ്ങുമ്പോഴും ഇത് തന്റെ അവസാന ഫ്രഞ്ച് ഓപ്പൺ ആണെന്ന് പ്രഖ്യാപിക്കാൻ നദാൽ തയ്യാറായിട്ടില്ല. 'സംസാരിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. ഇവിടെ ഇത് അവസാനമായാണോ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നതെന്ന് അറിയില്ല. 100 ശതമാനം എനിക്ക് ഉറപ്പില്ല. എന്നാല്‍ അവസാനമായിട്ടാണ് എങ്കില്‍ ഞാനത് ആസ്വദിച്ചു', സ്വരേവിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ നദാലിന്റെ വാക്കുകള്‍ ഇങ്ങനെ. കളിമണ്‍ കോര്‍ട്ടില്‍ നിറഞ്ഞു കളിച്ചിരുന്ന മനുഷ്യന് പക്ഷെ ഇന്നലെ സ്വരേവിനെതിരെ ഇറങ്ങിയപ്പോള്‍ മനസിനൊപ്പം ശരീരം എത്തിയിരുന്നില്ല. 

2005ൽ മോണ്ടേ കാർലോയിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയിരുന്ന ​ജില്ലെർമോ കോറിയ എന്ന വമ്പനെ നാല് സെറ്റ് നീണ്ട പോരിൽ മടക്കുമ്പോൾ നദാലിന്റെ പ്രായം 19. അതേ വർഷം റോമിലേക്ക് എത്തിയപ്പോൾ ഇരുവരും തമ്മിലുള്ള പോര് വീണ്ടും മുറുകി. അഞ്ച് മണിക്കൂറും 14 മിനിറ്റുമാണ് ‌കലാശപ്പോര് നീണ്ടത്. അവസാന സെറ്റിൽ ടൈ ബ്രേക്കിൽ 5-1 എന്ന് പിന്നിൽ നിന്നിടത്ത് നിന്നും തിരികെ കയറി 6-4,3-6,6-3,4-6,7-6 എന്ന സെറ്റിന് നദാൽ റോമിലെ തന്റെ ആദ്യ കിരീടം തൊട്ടു. അതേ ‌വർഷം ഫ്രഞ്ച് ഓപ്പൺ സെമിയിൽ ആ സമയം ലോക ഒന്നാം നമ്പർ താരമായിരുന്ന ഫെഡററുടെ മുൻപിലേക്കാണ് നദാൽ വന്നെത്തിയത്. ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഞാനിതാ എന്റെ പേരെഴുതി ചേർക്കുന്നു എന്ന് നദാൽ പ്രഖ്യാപിച്ച മൽസരം. സാക്ഷാൽ ഫെഡററേയും വീഴ്ത്തി കളിമൺ കോർട്ടിലെ കരുത്ത് കാണിച്ച് നദാൽ ഫൈനലിലേക്ക്. കളിമൺ കോർട്ടിലെ വിദ​ഗ്ധനായിരുന്ന മരിയാനോ പ്യൂർട്ടയെ കീഴടക്കി ആദ്യ ​ഗ്രാൻഡ്സ്ലാം.

nadal-federer

2011 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഫെഡററെ തോല്‍പ്പിച്ച് കിരീടം ചൂടി നദാല്‍. ഫോട്ടോ: റോയിറ്റേഴ്സ്

2006ൽ ആ ദശകത്തിലെ നദാൽ-ഫെഡറർ ഐതിഹാസിക പോരാട്ടത്തിന്റെ അലയൊലികളിലൊന്ന് റോമിലുമുണ്ടായി. നാല് മണിക്കൂർ നീണ്ട പോരിൽ രണ്ട് വട്ടം ഫെഡറർ മാച്ച് പോയിന്റിന് അടുത്തെത്തിയെങ്കിലും നദാൽ പിടിച്ചിട്ടു. ആ പോയിന്റിലൊന്ന് ഫെഡറർക്ക് നഷ്ടമായത് ഫോർഹാൻഡ് ഷോട്ട് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിൽ അകന്നാണ്. അഞ്ച് സെറ്റുകൾക്കൊടുവിൽ ജയം നദാലിനൊപ്പം. ആ വർഷം ഫ്രഞ്ച് ഓപ്പണിൽ സോഡർലിങ്ങിനെ നദാൽ തോൽപ്പിച്ചൊരു മത്സരമുണ്ട്. ആദ്യ റൗണ്ടിൽ മൂന്ന് സെറ്റുകൾക്ക് നദാലിന്റെ വെറുമൊരു ജയം മാത്രമായിരുന്നില്ല അത്. കളിമൺ കോർട്ടിൽ തോൽവി അറിയാതെ നദാലിന്റെ 54ാം ജയമായിരുന്നു അവിടെ. ​ഗ്യുലെർമോയെ മറികടന്ന് കളിമൺ കോർട്ടിലെ രാജാവ് താനെന്ന് നദാൽ അവിടെ ഉറപ്പിച്ചു. നദാൽ-ഫെഡറർ പോര് കാണികൾക്ക് വിരുന്നൊരുക്കിയെങ്കിലും ഫെഡറർക്ക് ഒരിക്കലും മറക്കാനാവാത്ത പാഠമായിരുന്നു 2008ലെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ. ഒരു മണിക്കൂർ 52 മിനിറ്റ് മാത്രമാണ് ആ പോര് നീണ്ടത്. 6-1, 6-3, 6-0ന് ഫെഡറർ തകർന്നടിഞ്ഞു. 

മൂന്ന് സെറ്റ് നീണ്ട മത്സരം. പക്ഷേ എടുത്തത് നാല് മണിക്കൂർ. വരാനിരിക്കുന്ന ജോക്കോവിച്ച്-നദാൽ പോരാട്ട യു​ഗത്തിന്റെ തീവ്രതയെല്ലാം ലോകത്തിന് കാണിച്ചുകൊടുത്ത മത്സരമായിരുന്നു അത്. ആ തോൽവിയിൽ നിന്ന് കരകയറാൻ ഒരുപാട് നാൾ വേണ്ടിവന്നിരുന്നു എന്ന് പിന്നീട് ജോക്കോവിച്ച് തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. 2009ലെ മാഡ്രിഡ് മാസ്റ്റേഴ്സിലെ ആ സെമി ഫൈനൽ നദാലിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവരുടെ മനസിൽ എന്നുമുണ്ടാകും. ശ്വാസമടക്കിപ്പിടിച്ചിരുന്ന് സ്പെയ്നിലെ കാണികൾ കണ്ട ആ അവിശ്വസനീയ റാലിക്കൊടുവിൽ ടൈ ബ്രേക്കിൽ ഫോർഹാൻഡ് ഷോട്ടിലൂടെ ജോക്കോവിച്ചിനെ നദാൽ മാച്ച് പോയിന്റിൽ നിന്ന് തിരികെയിറക്കിയിട്ടു. 2012ൽ മോണ്ടെ കാർലോയിലേക്ക് എത്തിയപ്പോൾ ജോക്കോവിച്ചിനെ നാണംകെടുത്തിയാണ് നദാൽ തിരിച്ചയച്ചത്. രണ്ട് സെറ്റ് മാത്രം നീണ്ട, 48 മിനിറ്റിൽ നദാൽ ജയം പിടിച്ച ഫൈനൽ. ആ കിരീട നേട്ടത്തിന് ഏതാനും ദിവസം മുൻപ് മുത്തച്ഛന്റെ മരണ വാർത്തയറിഞ്ഞ് കോർട്ടിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന നദാലിനേയും ടെന്നീസ് ലോകം കണ്ടു. മോണ്ടെ കാർലോയിൽ തുടരെ എട്ടാമത്തെ കിരീട നേട്ടമായിരുന്നു അത്. നദാലിന് മുൻപ് മറ്റൊരു താരവും ഒരു ടൂർണമെന്റ് തുടരെ എട്ട് വർഷം ജയിച്ച ചരിത്രമില്ലായിരുന്നു. 

ആറ് ഫ്രഞ്ച് ഓപ്പൺ കിരീടവുമായി നിൽക്കുന്ന ബോർ​ഗ്. ആ നേട്ടം തകർക്കാൻ ഒരാളെത്തിയിരിക്കുന്നു എന്ന തോന്നൽ നദാൽ ലോകത്തിന് നൽകി കഴിഞ്ഞിരുന്നു. 2013ലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഡേവിഡ് ഫെററെ തോൽപ്പിച്ചാണ് നദാൽ കിരീടം ചൂടിയത്. ഒരു സാധാരണ മത്സരം പോലെ കടന്നുപോയ ഒന്ന് മാത്രമായിരുന്നു ആ ഫൈനൽ. എന്നാൽ എട്ട് വട്ടം ഒരു ​ഗ്രാൻഡ്സ്ലാം ടൂർണമെന്റ് ജയിക്കുന്ന ആദ്യ താരം എന്ന റെക്കോർഡ് ബുക്കിലേക്ക് നദാൽ അവിടെ തന്റെ പേരെഴുതിയിട്ടു. 

borg-nadal

കരിയറിൽ 58ാം വട്ടം ജോക്കോവിച്ചും നദാലും നേർക്കുനേർ വന്ന പോരായിരുന്നു 2021ലെ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനൽ. കോവിഡിനെ തുടർന്ന് നീണ്ടുപോയ 2020 ഫ്രഞ്ച് ഓപ്പൺ ഫൈനലിലും റോം മാസ്റ്റേഴ്സിലും നദാൽ ജയിച്ചെത്തിയിരിക്കുന്ന സമയം. 105-2 എന്ന പാരിസിലെ ജയ തോൽവി കണക്കുമായാണ് നദാൽ സെമിയിൽ ജോക്കോവിച്ചിന് മുൻപിലേക്ക് എത്തിയത്. ആദ്യ സെറ്റ് 5-0ന് മുൻപിൽ നിന്ന ശേഷം 6-3ന് നദാൽ നേടി. കോവിഡിനെ തുടർന്ന് പാരിസിൽ കർഫ്യു പ്രഖ്യാപിച്ചിരുന്നതിനാൽ രാത്രി 11 മണിയും പിന്നിട്ട്  പോയ പോരിന് സാക്ഷ്യം വഹിക്കാൻ കാണികൾക്ക് സർക്കാർ ഇടപെടൽ വേണ്ടിവന്നു. കളിമൺ കോർട്ടിലെ രാജാവ് അവിടെ കാലിടറി വീഴുന്ന ചിത്രമാണ് ആ രാത്രി ലോകത്തിന് സമ്മാനിച്ചത്. തന്റെ പ്രിയപ്പെട്ടയിടത്തെ നദാലിന്റെ മൂന്നാമത്തെ മാത്രം തോൽവി. അതിൽ രണ്ടും ജോക്കോവിച്ചിന്റെ കൈകളിൽ നിന്ന്. 

26ാം വയസിലാണ് ബോർ​ഗ് കോർട്ടിനോട് വിടപറയുന്നത്. ആറ് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ അതിനോടകം ബോർ​ഗിന്റെ കയ്യിലേക്കെത്തിയിരുന്നു. ആ ഫിറ്റ്നസും ആധിപത്യം പുലർത്തിയുള്ള കളിയും ബോർ​ഗ് തുടർന്നിരുന്നെങ്കിൽ കളിമൺ കോർട്ടിൽ വിസ്മയങ്ങൾ തുടർക്കഥയാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ നിരവധിയുണ്ട്. കളിമൺ കോർട്ടിലും പുൽകോർട്ടിലും ഒരുപോലെ വസന്തകാലം സൃഷ്ടിച്ചയാൾ. പക്ഷെ ടെന്നീസ് ബോർ​ഗിനെ സന്തോഷിപ്പിക്കാതെയായി. സന്തോഷവും ദുഖവും അനുഭവിക്കാൻ അറിയാതെയായി. കളിക്കാനും പൊരുതാനുമുള്ള മനസ് ബോർ​ഗിന് നഷ്ടമായി. മക്എനോറും കോണോർസുമായിരുന്നു കളിച്ചിരുന്ന സമയം ബോർ​ഗിന്റെ പ്രധാന എതിരാളികൾ. എന്നാൽ നദാൽ നേരിട്ടത് പോലൊരു വെല്ലുവിളി ബോർ​ഗിന് മുൻപിലെത്തിയിരുന്നോ? ഫെഡറർ, ജോക്കോവിച്ച്, മറെ..നദാലിന് എളുപ്പമായിരുന്നില്ല. അവിടെയാണ് 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ.. 12 ബാർസലോണ ഓപ്പൺ, 11 മോന്റെ കാർലോ മാസ്റ്റേഴ്സ്, 10 ഇറ്റാലിയൻ ഓപ്പൺ, 5 മാഡ്രിഡ് ഓപ്പൺ, 2 സ്റ്റു​ഗർട്ട് ഓപ്പൺ, 2 മെക്സിക്കൻ ഓപ്പൺ,  രണ്ട് ജർമൻ ഓപ്പൺ, ഒരു വാർസോ ഓപ്പൺ, ബ്രസീൽ ഓപ്പൺ, സ്വീഡിഷ് ഓപ്പൺ, റിയോ ഓപ്പൺ, അർജന്റീന ഓപ്പൺ കിരീട ജയങ്ങൾ വേറിട്ട് നിൽക്കുന്നത്...

Rafael Nadal on clay court: