Ranchi: India's Mayank Yadav, centre, with teammates after taking the wicket of West Indies' Shimron Hetmyer during the second T20I cricket match of a series between India and West Indies, in Ranchi, Jharkhand, Friday, Oct. 9, 2026. (PTI Photo/Salman Ali)(PTI10_09_2026_000557B)
ഇന്ത്യയുടെ ട്വന്റി 20 ടീം ഈ നിലയില് മുന്നോട്ട് പോയാല് ലോകകപ്പ് നേടാന് കഴിയില്ലെന്ന് മുന് ഇന്ത്യന് താരം മുഹമ്മദ് കൈഫ്. നാലാം ട്വന്റി 20യില് വിന്ഡീസിനോട് ഏറ്റ ദയനീയ പരാജയത്തിന് പിന്നാലെയാണ് കൈഫിന്റെ രൂക്ഷ വിമര്ശനം. ഇന്ത്യ തോല്ക്കാന് കാരണം ബോളര്മാരാണെന്നും അദ്ദേഹം തുറന്നടിച്ചു.
'ബോളര്മാര് കാരണമാണ് ഇന്ത്യ തോറ്റത്. അവരെ തന്നെ വേണം കുറ്റപ്പെടുത്താന്. 247 എന്നത് കൂറ്റന് സ്കോര് തന്നെയാണ്. മോശം ബോളുകളാണ് എറിഞ്ഞത്. റണ്സ് വിട്ടുകൊടുക്കുന്നതിലും ബോളര്മാര് പിശുക്ക് കാട്ടിയില്ല. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. സാധാരണയായി അഞ്ച് മല്സരങ്ങളുടെ പരമ്പരയില് മൂന്ന് മല്സരങ്ങള് ബാറ്റര്മാര് ജയിച്ചാല് ബാക്കിയുള്ളത് ബോളര്മാരുടെ ഉത്തരവാദിത്തമാണ്. ഇവിടെ ബോളര്മാരുടെ മികവില് കളി ജയിക്കുന്നേയില്ല. ഈ കോമ്പിനേഷനില് ലോകകപ്പ് ഇന്ത്യയ്ക്ക് നേടാന് കഴിയില്ല'- കൈഫ് ക്രിക്ബസിനോട് പറഞ്ഞു.
2024 ലെ ലോകകപ്പില് ടീമിലെ എല്ലാവരും അവരവരുടെ ഭാഗം കൃത്യമായി ചെയ്തുവെന്നും അതാണ് കിരീട നേട്ടത്തിന് കാരണമെന്നും കൈഫ് ചൂണ്ടിക്കാട്ടി. ' 2024 ലെ ലോകകപ്പ് ഓര്ക്കുന്നുണ്ടോ? എല്ലാവരും അവരുടെ ഭാഗം ഭംഗിയായി നിറവേറ്റി. അതില് ബുംറയുണ്ടായിരുന്നു, അക്സര് പട്ടേലും കുല്ദീപുമുണ്ടായിരുന്നു. ബാറ്റര്മാരുമുണ്ടായിരുന്നു. ഇന്നലെ അഭിഷേക് മെല്ലെയാണ് കളിച്ചതെന്ന് ചിലര് കുറ്റപ്പെടുത്തുന്നത് കണ്ട്. എല്ലാ ബാറ്റര്മാര്ക്കും ഒന്നിച്ച് ഒരു ദിവസം മികച്ച പ്രകടനം പുറത്തെടുക്കാന് കഴിയില്ലെന്ന് കൂടി മനസിലാക്കണം. പക്ഷേ സഞ്ജുവിനെ നോക്കൂ, നല്ല കളിയാണ് ഇന്ന് കളിച്ചത്'- അദ്ദേഹം വിശദീകരിച്ചു.
എട്ടോവറുകളിലായി മായങ്ക് യാദവും അര്ഷ്ദീപും ചേര്ന്ന് വിട്ടുനല്കിയത് 104 റണ്സാണ്. അക്സര് പട്ടേല് 45 റണ്സ് വിട്ടുനല്കിയപ്പോള് പ്രിന്സ് യാദവ് 36 റണ്സ് വിട്ടുനല്കി ഒരു വിക്കറ്റ് വീഴ്ത്തി. വിന്ഡീസ് ക്യാപ്റ്റനെ സെഞ്ചറിയടിക്കാന് വിട്ട ഇന്ത്യന് ബോളര്മാര് വലിയ വിലയാണ് നല്കേണ്ടി വന്നത്. 'ബോളിങിലാണ് കൈവിട്ടുപോയത്. ലൈനും ലെങ്തും പാളി. 250 റണ്സെന്ന സ്കോര് പിന്തുടരുമ്പോള് കൃത്യമായ പാറ്റേണ് വേണമായിരുന്നു. പക്ഷേ ഒന്നും നടപ്പിലായില്ല'- ബോളര്മാരെ ക്യാപ്റ്റന് ശ്രേയസ് അയ്യരും പഴിച്ചു.
മൂന്ന് വിക്കറ്റ് നഷ്ടത്തില് 247 റണ്സാണ് വെസ്റ്റിന്ഡീസെടുത്തത്. 24 റണ്സിന് ഇന്ത്യ പരാജയം സമ്മതിച്ചു. അഞ്ചു മല്സരങ്ങളുടെ പരമ്പരയില് 2–2 എന്ന നിലയിലാണ് ഇരു ടീമുകളും ഇപ്പോള്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20 മല്സരം നടക്കുക.