ഇന്ത്യയുടെ ഏകദിന, ട്വന്‍റി 20 ടീമുകളില്‍ ഇനി വാഷിങ്ടണ്‍ സുന്ദറിനെ ആരും പ്രതീക്ഷിക്കേണ്ടെന്ന് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ആ സ്ഥാനം അതിവിദഗ്ധമായി യുവതാരമായ നമന്‍ ധീര്‍ കയ്യടക്കിയെന്നും മറിച്ചൊരു ആലോചന ഇനി സിലക്ടര്‍മാര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ട്വന്‍റി 20യിലെ അരങ്ങേറ്റത്തില്‍ മൂന്നും, മൂന്നാം മല്‍സരത്തില്‍ രണ്ടും വിക്കറ്റുകളാണ് താരം നേടിയത്.
'വാഷിങ്ടണ്‍ സുന്ദറിന്‍റെ റീപ്ലേസ്മെന്‍റായാണ് നമന്‍ ടീമിലെത്തിയത്. വന്നപാടെ വാഷിയെ തീര്‍ത്തുകളഞ്ഞു. ഓരോ രണ്ട് മല്‍സരം കഴിയുമ്പോഴും വാഷിങ്ടണ്‍ സുന്ദറിന് പരുക്കേല്‍ക്കും. നമനാവട്ടെ മികച്ച ഫോമിലും. ഇനിയെങ്ങനെ ഏകദിനത്തില്‍ നിന്നും ട്വന്‍റി 20യില്‍ നിന്നും നമനെ തഴയാന്‍ പറ്റും? കണ്ണടച്ച് തുറക്കുന്ന വേഗത്തിലല്ലേ നമന്‍ സ്ഥാനം ഉറപ്പിച്ചത്. വാഷിക്ക് ഇനി ഇന്ത്യയ്ക്കായി ടെസ്റ്റ് ടീമില്‍ കളിക്കാം'- ശ്രീകാന്ത് പറയുന്നു.
നമന്‍റെ പ്രകടനത്തില്‍ ആര്‍.അശ്വിനും നേരത്തെ തൃപ്തി പ്രകടിപ്പിച്ചിരുന്നു. റുഗലര്‍ ഓഫ് സ്പിന്നറല്ലെങ്കിലും ബോളിങ് മെച്ചപ്പെടുത്താന്‍ നമന് കഴിഞ്ഞുവെന്നും അശ്വിന്‍ പറഞ്ഞിരുന്നു. 'നമന്‍റെ പ്രകടനം എനിക്കിഷ്ടപ്പെട്ടു. ഓഫ് സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. കഴിഞ്ഞ കളിയില്‍ അല്‍പം റണ്‍സ് വിട്ടുകൊടുത്തുവെങ്കിലും ഹെറ്റ്മെയറുടെ നിര്‍ണായക വിക്കറ്റ് നമന്‍ എടുത്തു. കമില്‍ പൂരാന്‍റെ വിക്കറ്റ് അവിടെ നില്‍ക്കട്ടെ, മികച്ച ബോളറാകാനുള്ള പ്രതിഭ നമനുണ്ട്'- അശ്വിന്‍ പറഞ്ഞു.
എക്സിക്യൂഷനില്‍ ചില പാളിച്ചകള്‍ നമന് സംഭവിച്ചുവെന്നും എന്നാലത് സ്വാഭാവികമാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു.' എല്ലാ ദിവസവും, എല്ലാ ഗ്രൗണ്ടിലും എല്ലാ സാഹചര്യങ്ങളിലും കൃത്യമായ ലെങ്ത് നിങ്ങള്‍ക്ക് കിട്ടണമെന്നില്ല.ചിലപ്പോള്‍ ഗ്രൗണ്ടിലെ സാഹചര്യങ്ങളും പിച്ച് അല്‍പം ഉയരുന്നതുമെല്ലാം ലെങ്തിനെ ബാധിക്കും. ഇന്‍ഡോറിലെ കാര്യം പറഞ്ഞാല്‍ പിച്ച് ഉയര്‍ന്നതും റണ്ണപ് കുറവുമായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുന്‍കാല്‍ വയ്ക്കുന്ന സമയം അല്‍പം തെറ്റിയാല്‍ പന്ത് പിച്ച് ചെയ്യുന്നത് ഫുള്ളറായി ആവും. പല സാഹചര്യങ്ങളില്‍ ബോള്‍ ചെയ്യുന്നതോടെ കൂടുതല്‍ പഠിക്കാനും മനസിലാക്കാനും നമന് കഴിയും. പഠിക്കാനുള്ള ആഗ്രഹം നമന്‍ പ്രകടിപ്പിക്കുന്നുമുണ്ട്'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 22ന് ന്യൂസീലന്‍ഡിനെതിരെ ആരംഭിക്കുന്ന ട്വന്‍റി 20 പരമ്പരയില്‍ നമനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.