Image Credit: AP
ഏഷ്യകപ്പില്‍ ഇന്ത്യ–പാക് ഫൈനല്‍ പോരാട്ടത്തിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ ആവേശത്തിലാണ് ആരാധകര്‍. അഭിഷേക് ശര്‍മയെ എങ്ങനെ പുറത്താക്കാമെന്നതില്‍ തലപുകഞ്ഞ് തന്ത്രം മെനയുകയാണ് പാക്കിസ്ഥാന്‍. ഓപ്പണര്‍ അഭിഷേക് ശര്‍മയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നാല്‍ കളി പാതി ജയിക്കാമെന്നാണ് പാക് താരങ്ങളോട് മുന്‍ താരങ്ങളുടെ ഉപദേശം.
ആദ്യ ഓവറുകളില്‍ തന്നെ ഫൈനലിന്‍റെ ഗതി നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള താരമാണ് അഭിഷേകെന്ന് വഖാര്‍ യൂനിസ് പറയുന്നു. പക്ഷേ എല്ലാവര്‍ക്കും ദൗര്‍ബല്യങ്ങളുണ്ടാകും. നല്ല ദിവസമെന്ന പോലെ മോശം ദിവസങ്ങളും ഉണ്ടാകും. ഒരുപക്ഷേ അഭിഷേകിന്‍റെ മോശം ദിവസം ഇന്നാകാം. മാത്രവുമല്ല, ഇന്ന് കടുത്ത സമ്മര്‍ദം താരത്തിന് മേലുണ്ടാകും. അതുകൊണ്ട് തന്നെ കൃത്യതയോടെയും വ്യക്തമായ പ്ലാനോടെയും പന്തെറിഞ്ഞാന്‍ ജയിക്കാമെന്നാണ് വഖാറിന്‍റെ ഉപദേശം.
അതേസമയം, നില്‍ക്കാന്‍ അഭിഷേകിനെ അനുവദിക്കരുതെന്ന പക്ഷക്കാരനാണ് മുഹമ്മദ് ആമിര്‍. സ്റ്റംപില്‍ നിന്നും നാലഞ്ച് മീറ്റര്‍ മാത്രം അകലെ നിന്ന് സ്വിങെറിഞ്ഞാല്‍ അഭിഷേകിനെ മടക്കി അയയ്ക്കാമെന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തരത്തില്‍ അഭിഷേകിനെ ഔട്ടാക്കിയത് താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ആമിര്‍ പറയുന്നു. എന്നാല്‍ ഒരേ സ്പോട്ടില്‍ നിന്ന് മൂന്ന് പന്തെറിയുകയാണ് വേണ്ടതെന്നും ആദ്യരണ്ട് പന്ത് അഭിഷേക് അടിച്ചു പറത്തുമെന്നും എന്നാല്‍ മൂന്നാം പന്തില്‍ ഉറപ്പായും ഔട്ടാകുമെന്നും മുഹമ്മദ് ആസിഫ് ടെലികം ഏഷ്യ സ്പോര്‍ട്ടിനോട് പറഞ്ഞു. അതേസമയം, പലതരത്തിലെ പന്തുകളെറിഞ്ഞാല്‍ അനായാസം അഭിഷേക് അവയെ നേരിടുമെന്നാണ് തനിക്ക് തോന്നുന്നതെന്നും പുറത്താക്കുക ബുദ്ധിമുട്ടാകുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യകപ്പില്‍ ഇക്കുറി അഭിഷേക് ശര്‍മ അടിച്ചു കൂട്ടിയത് 309 റണ്‍സാണ്. ബഹുരാഷ്ട്ര ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററെന്ന വിരാട് കോലിയുടെ റെക്കോര്‍ഡില്‍ നിന്നും വെറും 11 റണ്‍സ് മാത്രം അകലെയാണ് അഭിഷേക് ശര്‍മ. ഇംഗ്ലിഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെ റെക്കോര്‍ഡില്‍ നിന്നും 23 റണ്‍സ് അകലെയുമാണ് താരം. ഗ്രൂപ്പ് മല്‍സരരങ്ങളില്‍ 50ല്‍ താഴെയായിരുന്നു മൂന്ന് മല്‍സരങ്ങളില്‍ അഭിഷേകിന്‍റെ സ്കോറെങ്കില്‍ സൂപ്പര്‍ ഫോറില്‍ അത് പാക്കിസ്ഥാനെതിരെ നേടിയ 75 അടക്കം മൂന്ന് ബാക് ടു ബാക് അര്‍ധ ശതകങ്ങളായി മാറി.
ഇന്നത്തെ മല്‍സരം ഇന്ത്യയും ഇന്ത്യയും തമ്മിലാണെന്നും ആര്‍ക്കെതിരെയാണെന്നതിനെക്കാള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് പ്രധാനമെന്നും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. ബാറ്റിങ് പൊസിഷനിലല്ല കാര്യമെന്നും സാധ്യമാകുന്ന ഏറ്റവും നല്ല പൊസിഷനില്‍ കളിച്ച് ഏഷ്യകപ്പ് സ്വന്തമാക്കുക മാത്രമാണ് ലക്ഷ്യമായി വേണ്ടതെന്നും ഗംഭീര്‍ ടീമിനോടായി പറഞ്ഞു.