ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ മൊട്ടത്തല ഓർമ്മയില്ലേ. സന്തോഷത്തോടെ ആര് സ്വീകരിച്ചാലും എട്ടിന്റെ പണിതരുന്ന മൊട്ടത്തല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർ ചെയ്ത ബ്രാൻഡുകൾക്കെല്ലാം കിട്ടിയിട്ടുണ്ട് അത്തരം പണികൾ. ഇന്ത്യൻ ടീമെന്താ മാൻഡ്രേക്കാണോ? ചരിത്രം പരിശോധിച്ചാൽ അതിൽ കുറച്ച് വാസ്തവമുണ്ട്. ഏറ്റവും ഒടുവിൽ ഡ്രീം ഇലവൻ ആയിരുന്നു ഇന്ത്യൻ ടീമിന്റെ സ്പോൺസർ. കേന്ദ്രസർക്കാർ ഓൺലൈൻ മണി ഗെയിമിങ് നിരോധനം കൊണ്ടുവന്നതോടെ ഡ്രീം ഇലവൻ അടക്കമുള്ള ആപ്പുകൾക്കെല്ലാം പണികിട്ടി. ബിൽ പാസായതോടെ പണം വച്ചുള്ള ബെറ്റിങ് നിർത്തിയ കമ്പനി ബിസിസിഐയുമായുള്ള കരാർ റദ്ദാക്കി. 2026 വരെയുള്ള 358 കോടിയുടെ കരാറാണ് അവസാനിച്ചത്.
ഇതിന് മുൻപ് ബൈജൂസ് ആപ്പ് ആയിരുന്നു സ്പോൺസർ. സാക്ഷാൽ മാർക്ക് സുക്കർബർഗ് വരെ പണം നിക്ഷേപിച്ച മലയാളി ബൈജു രവീന്ദ്രന്റെ കമ്പനി കടംകയറി പലതരം നൂലാമാലകളിലൂടെ കടന്നുപോവുകയാണ്. തൊട്ട് മുൻപ് മൊബൈൽ കമ്പനിയായ ഓപ്പോ ആയിരുന്നു ജഴ്സി സ്പോൺസർ. ഇന്ത്യ ചൈന ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഓപ്പോയ്ക്ക് കാര്യമായ തിരിച്ചടി നേരിട്ടു. ഇതോടൊപ്പം കരാർ തുടരുന്നതിനെതിരെ ബിസിസിഐക്കെതിരെ വലിയ വിമർശനം ഉയർന്നു. 2014 മുതൽ സ്റ്റാർ ഇന്ത്യ ആയിരുന്നു പ്രധാന സ്പോൺസർമാർ. പലവിധ നിയമപ്രശ്നങ്ങളിൽ കുടുങ്ങി സ്റ്റാറിനും കോടികളുടെ നഷ്ടമാണ് അതിനുശേഷം ഉണ്ടായത്.
ക്രിക്കറ്റ് ആരാധകർക്ക് നൊസ്റ്റാൾജിക്കായ ഒരുപാട് ഓർമകളുള്ള പേരാണ് സഹാറ. 2001 മുതൽ 2013 വരെ സഹാറ ഗ്രൂപ്പ് ആയിരുന്നു ഇന്ത്യയുടെ സ്പോൺസർമാർ. രണ്ട് ലോകകപ്പും ചാംപ്യൻസ് ട്രോഫിയും നേടിയ സുവർണകാലം. സച്ചിനും ഗാംഗുലിയും ദ്രാവിഡും ധോനിയുമെല്ലാം ചേർന്ന് സമ്മാനിച്ച ഒരുപിടി നല്ല മത്സരങ്ങൾ. പക്ഷെ സഹാറ ഗ്രൂപ്പിന്റെ കള്ളക്കളികൾ സെബി പിടികൂടി. ഒടുവിൽ സ്ഥാപകൻ സുബ്രത റോയ് ജയിലിലുമായി. ഇതിന് മുൻപുണ്ടായിരുന്ന വിൽസ് കമ്പനിക്ക് പുകയില പരസ്യ നിരോധനത്തിലൂടെയാണ് പണികിട്ടിയത്.
പക്ഷേ ഇതൊന്നും ഇന്ത്യൻ ടീമിന്റെ മൂല്യത്തിന് ഇടിവൊന്നും ഉണ്ടാക്കിയിട്ടില്ല. നിലവിൽ ടൊയോട്ട അടക്കമുള്ള വമ്പൻ ബ്രാൻഡുകൾ സ്പോൺസർഷിപ്പിന് ബിസിസിഐയെ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ കരാർ പൂർത്തിയാകാൻ സമയമെടുക്കും. അതിനാൽ അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പില്‍ സ്പോൺസറുടെ പേരില്ലാതെയാകും ഇന്ത്യൻ ടീം കളത്തിൽ ഇറങ്ങുക.