Image Credit : AP (Left), AFP (Right)
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 186 റണ്‍സിന്‍റെ കൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്. മാഞ്ചസ്റ്ററിലെ പിച്ചില്‍ ഇംഗ്ലണ്ട് മേല്‍ക്കൈ നേടാന്‍ കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മോശം തീരുമാനങ്ങളാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു. വാഷിങ്ടണ്‍ സുന്ദറിനെ ഉപയോഗിക്കുന്നതില്‍ ഗൗരവമായ പിഴവാണുണ്ടായത്. വളരെ വൈകിയാണ് വാഷിക്ക് പന്ത് നല്‍കിയെതന്ന് രവി ശാസ്ത്രി കുറ്റപ്പെടുത്തുന്നു. വന്നതിന് പിന്നാലെ ഒലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും വാഷി മടക്കുകയും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു.
England's Joe Root, right, and India's Anshul Kamboj on the third day of the fourth cricket test match between England and India at Emirates Old Trafford, Manchester, England, Friday, July 25, 2025. (AP Photo/Jon Super)
പുതിയ പന്ത് സിറാജിനായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും എന്നാല്‍ അതിന് പകരം ടെസ്റ്റില്‍ പുതുമുഖമായ അന്‍ഷുളിന് നല്‍കിയതിന്‍റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്നും രവി ശാസ്ത്രി പറയുന്നു. പരിചയ സമ്പന്നനായ താരത്തിന് പകരം അന്‍ഷുള്‍ എത്തിയത് ഇംഗ്ലണ്ടിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്ത്രപരമായ നിരവധി പിഴവുകളാണ് ഗില്‍ വരുത്തിയത്. ഭാവിയില്‍ മികച്ച ക്യാപ്റ്റനായി മാറാന്‍ ഗില്ലിന് കഴിഞ്ഞേക്കും. പക്ഷേ ഇപ്പോള്‍ വേണ്ടത് ഗംഭീറിന്‍റെയും മുതിര്‍ന്ന താരങ്ങളുടെയും സഹായമാണെന്നും ശാസ്ത്രി പറയുന്നു.
'കോലി ക്യാപ്റ്റനായ സമയം ഞാനോര്‍ക്കുകയാണ്. ശുഭ്മാനെ പോലെ അല്ല, അങ്ങേയറ്റം ആക്രമണോല്‍സുകനായിരുന്നു. ഡ്രസിങ് റൂമില്‍ മുതല്‍ ഫീല്‍ഡില്‍ വരെ കോലിയെ ശാന്തനാക്കേണ്ടി വന്നിട്ടുണ്ട്. ഓരോ സെഷനിലും പരമാവധി വിക്കറ്റ് വീഴ്ത്തണം അതായിരുന്നു കോലി ലക്ഷ്യമിട്ടത്. അത് എപ്പോഴും സാധിക്കണമെന്നില്ല. ചിലപ്പോള്‍ വിക്കറ്റുകള്‍ വീഴും, ചിലപ്പോള്‍ വീഴില്ല. അത്തരം സാഹചര്യങ്ങളില്‍ അത് മനസിലാക്കി ഫീല്‍ഡ് അതനുസരിച്ച് മാറ്റിയെടുക്കുകയാണ് വേണ്ടത്. ഒന്നര വര്‍ഷമെങ്കിലും ഗില്ലിന് ആ പരിശീലനം നല്‍കേണ്ടതുണ്ട്– ശാസ്ത്രി വിശദീകരിച്ചു.
ടീമിലെ മുതിര്‍ന്ന താരങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ക്യാപ്റ്റനുമായി പങ്കുവയ്ക്കേണ്ടതുണ്ടെന്നും ശാസ്ത്രി പറയുന്നു. ഉത്തരവാദിത്തമേറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് കഴിയണം. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ടാകാം. പക്ഷേ, ക്യാപ്റ്റനോട് 'നോക്കൂ, എനിക്കിങ്ങനെ തോന്നുന്നു, ഇങ്ങനെ കളിച്ചാല്‍ വിക്കറ്റ് വീഴും' എന്ന് പറയേണ്ടതുണ്ടെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കാന്‍ വൈകിപ്പിച്ച തീരുമാനം ഗില്ലിന്‍റേത് മാത്രമാകുമെന്ന അഭിപ്രായം സഞ്ജയ് മഞ്ജരേക്കറും പങ്കുവച്ചു. ബുംറയോ, രാഹുലോ ഗംഭീറോ പോലും ആ ആശയത്തെ പിന്തുണച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. ഓള്‍റൗണ്ടറായ വാഷിയെ ഒരുതരത്തിലും പ്രയോജനപ്പെടുത്താതിരിക്കന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.