sports-bill

കായിക ബില്ലില്‍ മാറ്റമുണ്ടാകില്ല. കരട് ബില്ലിന് നിയമവകുപ്പ് അനുമതി നല്‍കി. ബില്ല് അനുമതിക്കായി ഉടന്‍ മന്ത്രിസഭക്ക് മുന്നിലെത്തിക്കാന്‍ ശ്രമം. സമയക്കുറവ് മൂലം  ഈ സഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്നും കായിക വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.  

കേരളത്തിന്‍റെ കായിക ഭരണത്തില്‍ സമൂല അഴിച്ചുപണി നിര്‍ദേശിക്കുന്ന പുതിയ കായിക ബില്‍ ഈ സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നായിരുന്നു കായിക മന്ത്രി ഒ.ജെ ജനീഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.  കേരള സ്പോര്‍ട് കൗണ്‍സിലിനെ ഇല്ലാതാക്കി, കായിക ഭരണത്തിന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാതൃകയില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് കേരള രൂപീകരിക്കുമെന്നതാണ് ബില്ലിലെ സുപ്രധാന നിര്‍ദേശം.  

കായിക മന്ത്രി ചെയര്‍മാനും വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനുമായ സ്പോര്‍ട്സ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥര്‍ക്കും മുന്‍കായിക താരങ്ങള്‍ക്കുമാണ് പ്രാമുഖ്യം ഉണ്ടാവുക. ഇത് നടപ്പായാല്‍ നിലവിലെ സ്പോര്‍ട്സ് കൗണ്‍സിലുകളിലുള്ള രാഷ്ട്രീയ ഭരണം അവസാനിക്കും. ഈ സാഹചര്യത്തിലാണ് ബില്ലിനെതിരെ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ചിലര്‍ പരാതികളുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെ ബില്ല് അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നു.  

 

എന്നാല്‍ കഴിഞ്ഞ രണ്ടര മാസത്തോളമായി നിയമവകുപ്പിന്‍റെ പരിഗണനയിലുള്ള  ബില്ല് അന്തിമ പരിശോനകള്‍ക്ക് ശേഷം കായിക വകുപ്പിന് കൈമാറിയിരിക്കുകയണ്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് കേരളയുടെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഘടനയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബില്‍ നിയമവകുപ്പ് അംഗീകരിച്ചിരിക്കുന്നത്. ബില്‍ ഉടനെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. മന്ത്രിസഭ അംഗീകിരച്ചാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. അടുത്ത വ്യഴാഴ്ച  അവസാനിക്കുന്ന ഈ സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്. അടുത്ത സമ്മേളനത്തില്‍ ഉറപ്പായും ബില്‍ നിയമസഭയിലെത്തുമെന്ന് കായിക വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Kerala Sports Authority to Replace Existing Sports Council: