ജൂനിയര്‍ അക്വാട്ടിക് ദേശീയചാംപ്യന്‍ഷിപ്പിലെ മെഡല്‍നേട്ടത്തിന്റെ കരുത്തില്‍ മുന്നോട്ടുകുതിക്കാന്‍ സമര്‍ഥ് ജോഷിയെന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി. കൊച്ചി സ്വദേശിയായ സമര്‍ഥ് 100 മീറ്റര്‍ ബാക്‌സ്ട്രോക്കിലാണ് മെഡല്‍ നേടിയത്. വിദേശത്ത് ഉപരിപഠനത്തിനൊപ്പം നീന്തല്‍ പരിശീലനവും സ്വപ്നം കണ്ടാണ് സമര്‍ഥ് മുന്നോട്ടുപോകുന്നത്. 

എട്ടാംവയസു മുതലാണ് സമര്‍ഥ് നീന്തല്‍ അഭ്യസിച്ചുതുടങ്ങിയത്. സിബിഎസ്ഇ ദേശീയചാംപ്യന്‍ഷിപ്പില്‍ 2024ല്‍ 100 മീറ്റര് ബാക്‌സ്ട്രോക്കില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും 50 മീറ്ററില്‍ വെങ്കലവും നേടി തുടക്കം. ഇക്കഴിഞ്ഞ സിബിഎസ്.ഇ സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമെഡലുകളും ഒരു വെള്ളിമെഡ‍ലും നേടി.  

ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബാക്‌സ്ട്രോക്കില്‍ 59.86 സെക്കന്‍ഡില്‍ വെങ്കല മെഡല്‍. ബാക്‌സ്ട്രോക്കില്‍ നിലവില്‍ സംസ്ഥാനത്ത് റെക്കോര്‍ഡിനുടമയാണ് സമര്‍ഥ്. കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്ററാണ് പരിശീലന വേദി. സമര്‍ഥിന്റെ പരിശീലകന്‍ സജികുമാറിനും വലിയ പ്രതീക്ഷയാണുള്ളത്. സമര്‍ഥിന്റെ സഹോദരി ഇഷാനി ജോഷി 2024ലെ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്.   

ENGLISH SUMMARY:

Samarth Joshi swimmer is a talented twelfth-grade student from Kochi who secured a medal at the Junior Aquatic National Championship in the 100-meter backstroke event. He aims to pursue higher education abroad while continuing his professional swimming training and maintaining his state records.