ഫോര്മുല വണ് കിരീടത്തിന് തൊട്ടരികെ ഇറ്റാലിയന് യുവതാരം കിമി അന്റോണെല്ലി. രണ്ടാഴ്ച്ചയ്ക്കകം നടക്കുന്ന അമേരിക്കന് ഗ്രാന്പ്രീയില് ചരിത്രം പിറന്നേക്കാം. എഫ് വണ്ണിലെ പ്രായം കുറഞ്ഞ ചാംപ്യനെന്ന നേട്ടമാണ് കിമിയെ കാത്തിരിക്കുന്നത്.
വയസ് 20 മാത്രം... F1 ലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാംപ്യനെന്ന സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോർഡ് തകർക്കാൻ കിമി അന്റോണെല്ലിക്ക് മുന്നിൽ സുവർണാവസരം. ഈ മാസം 25ന് നടക്കുന്ന അമേരിക്കൻ ഗ്രാൻഡ് പ്രീയിൽ കിരീടം ഉറപ്പിച്ചാല് ചരിത്രമാകും.
സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ മൂന്നാം സ്ഥാനത്തെത്തിയതോടെ ചാംപ്യന്ഷിപ്പില് ലീഡ് 102 പോയിന്റായി. മെഴ്സിഡീസിലെ സഹതാരം ജോർജ് റസൽ 238 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോൾ, അന്റോണെല്ലിയുടെ സമ്പാദ്യം 340 പോയിന്റാണ്. ലൂയിസ് ഹാമിൽട്ടൺ മൂന്നാമതും മാക്സ് വെർസ്റ്റാപ്പൻ നാലാമതുമുണ്ട്. ഈ മാസം തന്നെ ചാംപ്യന്ഷിപ്പ് ഉറപ്പിക്കാന് ഓസ്റ്റിനിൽ നടക്കുന്ന അമേരിക്കൻ ഗ്രാൻഡ് പ്രീയില് അന്റോണെല്ലിക്ക് വിജയം മാത്രം പോരാ... എതിരാളികളുടെ പ്രകടനവും നിർണായകമാണ്. സഹതാരം ആന്ദ്രേ റസല് ഒന്പതാം സ്ഥാനത്തോ അതിന് താഴെയോ ഫിനിഷ് ചെയ്യണം. ഫെറാറിയുടെ ലൂയിസ് ഹാമിള്ട്ടന് അഞ്ചാം സ്ഥാനത്തിന് താഴെയാകണം.
ഇതൊക്കെ ഒത്തുവന്നാല് ശേഷിക്കുന്ന മല്സരങ്ങളില് ആര്ക്കും മറികടക്കാനാകാത്ത ലീഡ് ഇറ്റാലിയന് യുവതാരത്തിന് സ്വന്തമാകും. ഇനി ഓസ്റ്റിനിൽ ചരിത്രം കുറിക്കാനായില്ലെങ്കിലും അന്റോണെല്ലിക്ക് മുന്നിൽ അവസരമുണ്ട്. 6 റേസുകളാണ് സീസണില് ഇനി അവശേഷിക്കുന്നത്. 2010ൽ 23-ാം വയസ്സിൽ കിരീടം നേടിയ ജര്മന് താരം സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാകുക. ഫോര്മുല വണ്ണില് കിമിയുടെ രണ്ടാമത്തെ മാത്രം സീസണാണിത്.