muay-thai-art-thudakkam-movie-vismaya-mohanlal

'തുടക്ക'ത്തിൽ വിസ്‌മയയുടെ ക്വിന്റൽ ഇടി കണ്ട് അന്തംവിട്ടവരാണോ നിങ്ങൾ? ഇതേത് മാർഷ്യൽ ആർട്ടെന്ന് സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നോ ? ഒരു പഞ്ച്, ഒരു കിക്ക്, മിന്നൽ വേഗത്തിലുള്ള കൈമുട്ടടി, ശക്തമായ കാൽമുട്ടടി ശരീരത്തിലെ എട്ട് പ്രധാന ആയുധങ്ങളെ ഒരേ സമയം പോരാട്ടത്തിൽ പ്രയോജനപ്പെടുത്തുന്ന കല. അതാണ് മൊയ് തായ്. വിസ്മയ പയറ്റിയ പോരാട്ടകല.

തായ്‌ലൻഡിന്റെ മണ്ണിൽ പിറന്ന് ലോകമെമ്പാടും സ്വാധീനം നേടിയ മൊയ് തായ് (Muay Thai) ഇന്ന് ഏറ്റവും ശ്രദ്ധേയമായ മാർഷ്യൽ ആർട്ടുകളിലും കോമ്പാറ്റ് സ്പോര്‍ട്സിലും ഒന്നാണ്. ശക്തിയും വേഗവും മാത്രമല്ല, കൃത്യമായ സാങ്കേതികത, സമയബോധം, ശരീരനിയന്ത്രണം, മാനസിക കരുത്ത് എന്നിവയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ പോരാട്ടകലയെ ലോകം വിശേഷിപ്പിക്കുന്നത് “The Art of Eight Limbs” എന്നാണ്.

എന്തുകൊണ്ട് “ദ ആർട്ട് ഓഫ് എയ്റ്റ് ലിംബ്സ്” (Art of Eight Limbs)?

മൊയ് തായിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എട്ട് പ്രധാന striking weapons ആണ്. രണ്ട് മുഷ്ടികൾ, രണ്ട് കൈമുട്ടുകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാലുകൾ. അതിനാൽ എതിരാളിയെ നേരിടുമ്പോൾ കൈകൾ മാത്രമല്ല, ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് മൊയ് തായിയുടെ പ്രത്യേകത. ഈ വൈവിധ്യമാണ് മറ്റു പല സ്ട്രയ്ക്കിങ് മെറ്റീരിയല്‍ ആര്‍ട്സുകളിൽ നിന്ന് മൊയ് തായിയെ വ്യത്യസ്തമാക്കുന്നത്.

പഞ്ചിൽ നിന്ന് കിക്കിലേയ്ക്ക്

മൊയ് തായിയിലെ പഞ്ചുകള്‍ അടിസ്ഥാനപരമായി ബോക്സിങിനോട് സാമ്യമുള്ളവയാണ്. ജാബ്, ക്രോസ്, ഹൂക്ക്, അപ്പര്‍കട്ട് തുടങ്ങിയ പഞ്ചുകൾ ഒറ്റയ്ക്ക് ഉപയോഗിക്കുന്നതിനേക്കാൾ കിക്ക്സ്, നീസ്, എല്‍ബോസ് എന്നിവയുമായി ചേർത്തുള്ള കോമ്പിനേഷനാണ് കൂടുതൽ പ്രാധാന്യം.

എന്നാൽ മൊയ് തായിയുടെ യഥാർത്ഥ ശക്തി അതിന്റെ കിക്കിങ് ടെക്നിക്സിലാണ്. പ്രത്യേകിച്ച് റൗണ്ട്ഹൗസ് കിക്ക് വളരെ പ്രശസ്തമാണ്. ശരിയായ ഹിപ്പ് റൊട്ടേഷന്‍, ബാലന്‍സ്, ടൈമിങ്, ടിസ്റ്റന്‍സ് എന്നിവ ഉപയോഗിച്ചാണ് ഇത്തരം കിക്ക്സ് ഫലപ്രദമാക്കുന്നത്. മൊയ് തായിയെ മറ്റു ആര്‍ട്ടുകളിൽ നിന്ന് വേറിട്ടുനിർത്തുന്ന പ്രധാന ഘടകങ്ങളാണ് എല്‍ബോസും നീസും. അടുത്ത ദൂരത്തിലുള്ള പോരാട്ടത്തിൽ കൈമുട്ടുകൾ ഉപയോഗിച്ചുള്ള സ്ട്രൈക്കിങ് ടെക്നിക് പ്രധാനമാണ്. അതുപോലെ, പ്രത്യേകിച്ച് ക്ലിഞ്ച് സാഹചര്യങ്ങളിൽ നീസ് വളരെ ഫലപ്രദമായ ആയുധങ്ങളായി മാറുന്നു.

muaythai

മൊയ് തായിയിൽ അകലത്തിൽ നിന്ന് പഞ്ചുകളും കിക്കുകളും നടത്തുന്നതിൽ മാത്രം പോരാട്ടം ഒതുങ്ങുന്നില്ല. എതിരാളിയുമായി അടുത്ത് പിടിച്ചുനിൽക്കുന്ന ക്ലിഞ്ച് ഫൈറ്റിങ് ഇതിന്റെ പ്രധാന സവിശേഷതയാണ്. ക്ലിഞ്ചിൽ ശരീരത്തിന്റെ ബാലൻസ്, പൊസ്ചർ, പൊസിഷനിങ്, നിയന്ത്രണം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എതിരാളിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം കാൽമുട്ടുകൾ ഉൾപ്പെടെയുള്ള വിവിധ സാങ്കേതികതകളും ഇവിടെ പ്രയോഗിക്കുന്നു. 

അതുകൊണ്ടുതന്നെ ദൂരത്തുനിന്നുള്ള പോരാട്ടത്തിനും അടുത്തുനിന്നുള്ള പോരാട്ടത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്രമായ പോരാട്ടകലയാണ് മൊയ് തായ്. എന്നാൽ ഇത് ഒരു കോമ്പാറ്റ് സ്പോർട്ട് മാത്രമല്ല. തായ്‌ലൻഡിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഒരു പാരമ്പര്യം കൂടിയാണ്. മത്സരങ്ങൾക്ക് മുന്‍പ് നടത്തുന്ന വായ് ക്രൂ / റാം മൊയ് ചടങ്ങ് അതിന്റെ പ്രധാന സാംസ്കാരിക ഘടകങ്ങളിലൊന്നാണ്. ഗുരുവിനോടും പരിശീലകരോടും പാരമ്പര്യത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഈ ചടങ്ങ് മൊയ് തായിയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

ശരീരത്തിനും മനസ്സിനും ഒരുപോലെ പരിശീലനം നൽകുന്ന കലയാണ് മൊയ് തായ്. സ്ഥിരമായ പരിശീലനത്തിലൂടെ ശക്തി, സ്റ്റാമിന, വേഗത, കോർഡിനേഷൻ, ബാലൻസ്, റിഫ്ലക്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം അച്ചടക്കം, ഏകാഗ്രത, ആത്മവിശ്വാസം, മാനസിക കരുത്ത് എന്നിവയും വളർത്തിയെടുക്കാം. എപ്പോൾ ആക്രമിക്കണം, എപ്പോൾ പ്രതിരോധിക്കണം, എങ്ങനെ ദൂരം നിയന്ത്രിക്കണം, എങ്ങനെ ശരീരത്തെ നിയന്ത്രിക്കണം തുടങ്ങിയവ പഠിക്കുന്നതാണ് യഥാർത്ഥ മൊയ് തായ് പരിശീലനം. 

തായ്‌ലൻഡിന്റെ പരമ്പരാഗത പോരാട്ടകലയിൽ നിന്ന് വളർന്ന മൊയ് തായ് ഇന്ന് ലോകമെമ്പാടുമുള്ള മാർഷ്യൽ ആർട്സ് അക്കാദമികളിലും ജിമ്മുകളിലും പരിശീലിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ്) രംഗത്തും മൊയ് തായിക്ക് വലിയ സ്വാധീനമുണ്ട്. രണ്ട് മുഷ്ടികൾ, രണ്ട് കൈമുട്ടുകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാലുകൾ എട്ട് ആയുധങ്ങൾ. എന്നാൽ ഈ എട്ട് ആയുധങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന സാങ്കേതികതയിലും നിയന്ത്രണത്തിലുമാണ് മൊയ് തായിയുടെ യഥാർത്ഥ ശക്തി. അതുകൊണ്ടുതന്നെയാണ് ലോകം അതിനെ “ദ് ആർട്ട് ഓഫ് എയ്റ്റ് ലിംബ്സ്” എന്ന് വിളിക്കുന്നത്.

ഒരു പഞ്ച്, ഒരു കിക്ക്...! വിസ്മയയുടെ ക്വിന്റൽ ഇടി കണ്ട് ഞെട്ടിയോ? എന്താണ് മൊയ് തായ്? | What is Muay Thai: The Art of Eight Limbs?:

The Art of Eight Limbs, Muay Thai, is a dynamic martial art and combat sport originating from Thailand. It uniquely utilizes eight points of contact – two fists, two elbows, two knees, and two shins/feet – making it a comprehensive fighting style. This ancient art emphasizes not only physical prowess but also mental discipline and cultural tradition.