കോണര്‍ മക്ഗ്രിഗര്‍... എംഎംഎയുടെ ഒക്ടഗണില്‍ ത്രില്ലടിപ്പിച്ച സൂപ്പര്‍ താരം. ആരാധകര്‍ക്കയാള്‍ എന്നും 'ദ് നൊട്ടോറിയസാ'ണ്. മിക്സ്ഡ് മാര്‍ഷല്‍ ആര്‍ട്സിന്‍റെ ചരിത്രത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍. എംഎംഎയുടെ പോപ്പുലാരിറ്റി വളര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചതാരമാണ് മഗ്രിഗര്‍. പക്ഷേ കഴിഞ്ഞ മല്‍സരം കാണുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. ഒക്ടഗണോട് വിടപറയാറായോ ദ് നൊട്ടോറിയസ്?
2021ന് ശേഷം ആദ്യമായാണ് കോണര്‍ മഗ്രിഗര്‍ പോരാട്ടത്തിന് എത്തിയത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പോരാട്ടം നീണ്ടുനിന്നത് ആകെ 69 സെക്കന്‍ഡുകള്‍ മാത്രം. കാല്‍മുട്ടിന് പരുക്ക്. തോല്‍വി. അതും തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വി. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശസ്ത്രക്രിയയും റീ ഹാബും ഒക്കെ കഴിഞ്ഞ് എന്ന് തിരികെ എത്താനാകുമെന്നത് 38 കാരന് മുന്നില്‍ വലിയൊരു ചോദ്യമാണ്.
അതിനിടെ മഗ്രിഗര്‍ മല്‍സരിക്കാന്‍ എത്തിയത് പരുക്കുമായാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ മറുപടിയുമായി മഗ്രിഗര്‍ തന്നെ രംഗത്തെത്തിയിരുന്നു. മല്‍സരത്തിന് മുന്‍പ് തനിക്ക് പരുക്കുണ്ടായിരുന്നില്ല എന്നും പൂര്‍ണസജ്ജമായിരുന്നതാണെന്നും ഐറിഷ്താരം എക്സില്‍ കുറിച്ചു.
എന്നാല്‍ മഗ്രിഗറുടെ വിമര്‍ശകര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. പോയവര്‍ഷങ്ങളില്‍ താരം കടന്നുപോയ വിവാദങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മഗ്രിഗര്‍ ഇനിയും സ്പോട്‌ലൈറ്റ് അര്‍ഹിക്കുന്നുണ്ടോയെന്ന് അവര്‍ ചോദിക്കുന്നത്.
2024 നവംബറില്‍ മഗ്രിഗര്‍ക്ക് എതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നു. ഡിസംബര്‍ 2018ന് മഗ്രിഗര്‍ തന്നെ ഒരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ യുവതി വിജയിച്ചു. കഴിഞ്ഞ വര്‍ഷം മഗ്രിഗര്‍ അപ്പീല്‍ നല്‍കിയെങ്കിലും പരാജയപ്പെട്ടു. മഗ്രിഗര്‍ നേരിട്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകുന്നതില്‍ നിന്നും വിട്ടുനിന്നതും വലിയ തലവേദനയായി. 18 മാസത്തെ വിലക്ക് ഉള്‍പ്പെടെ നടപടികള്‍ താരം നേരിട്ടു.
ഇതിനെല്ലാം ശേഷമാണ് ആരാധകരുടെ ദ് നൊട്ടോറിയസ് വീണ്ടും ഒക്ടഗണിലേക്ക് എത്തിയത്. പരുക്ക് വില്ലനായതോടെ എന്താകും ഭാവിയെന്നതില്‍ ആശങ്കകള്‍ നിറയുകയാണ്. 'പരുക്കിനേയും മോശം സമയത്തേയും അതിജീവിക്കും. ഞാന്‍ തിരിച്ചുവരും'. എന്നാണ് മഗ്രിഗര്‍ എക്സില്‍ കുറിച്ചത്. ഇതില്‍ വിശ്വാസമര്‍പ്പിക്കുകയാണ് കോണര്‍ മഗ്രിഗറുടെ ആരാധകര്‍.