ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്യാതിരുന്നിട്ടും ഓസ്ട്രിയയ്ക്കെതിരായ മല്‍സരത്തിലെ താരമായത് ലമീന്‍ യമാൽ. എതിരാളികളുടെ പ്രതിരോധത്തെ സമ്മർദത്തിലാക്കിയും ഫോര്‍മേഷന്‍ തകർത്തുമാണ് യമാൽ സ്പെയിനിന്റെ തുറുപ്പുചീട്ടായത്.

ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്പെയിന്‍ തകര്‍ത്തപ്പോള്‍ ലമീൻ യമാൽ ഒരിക്കൽക്കൂടി മിന്നിത്തിളങ്ങി. ഒറ്റയ്ക്ക് മുന്നേറി പ്രതിരോധത്തെ കീറിമുറിക്കാൻ യമാലിന് അവസരമൊരുക്കാനാണ് സ്പെയിൻ ഏറെനേരം ശ്രമിച്ചത്. ആ തന്ത്രം ഓസ്ട്രിയ തകര്‍ത്തു. എന്നാൽ യമാൽ മധ്യഭാഗത്തേക്ക് നീങ്ങുകയും റോഡ്രിയും പെഡ്രിയും കൂടുതൽ മുന്നേറുകയും ചെയ്തപ്പോഴാണ് സ്പെയിനിന്റെ ഏറ്റവും മികച്ച നീക്കങ്ങൾ വന്നത്. അതോടെ, പഴയ താളത്തിൽ പന്ത് കൈമാറാൻ കഴിഞ്ഞു. ഒരുവശത്ത് യമാലെങ്കില്‍ മറുവശത്ത് ഓസ്ട്രിയൻ പ്രതിരോധത്തിന് നിരന്തര തലവേദനയായിരുന്നു അലക്സ് ബയെന. കളം വിശാലമാക്കിയ ബയെന സ്പെയിനിന് ആക്രമണത്തിന് രണ്ടാം വഴിയൊരുക്കി. മറുവശത്ത്, യമാൽ ബൂട്ടണിഞ്ഞ കാന്തം പോലെ പ്രതിരോധനിരക്കാരെ തന്നിലേക്ക് ആകർഷിച്ചു. ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്യാതിരുന്നിട്ടും യമാല്‍ അങ്ങനെ മല്‍സരത്തിലെ താരമായി. കാബോ വെര്‍ദയ്ക്കെതിരെ ഗാവിയും ഫെറാൻ ടോറസും വിങ്ങുകളിൽ കളിച്ചപ്പോൾ സ്പെയിനിന് മൂർച്ചയില്ലാതെ പോയി. എന്നാൽ അലക്സ് ബയെന ഇടതുവശത്തും യമാൽ വലതുവശത്തും എത്തിയതോടെ സ്പെയിന്‍ തനതുശൈലിയും വേഗവും ഭീഷണിയും വീണ്ടെടുക്കാൻ തുടങ്ങി. സ്പെയിനിന്റെ ആധിപത്യം ആക്രമണത്തിൽ ഒതുങ്ങിയില്ല. ഓസ്ട്രിയയെ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ അവർ അനുവദിച്ചില്ല. 2014 ലോകകപ്പ് ഫൈനലിൽ ജർമനി അർജന്റീനയ്‌ക്കെതിരെ നേടിയതിനു ശേഷം ആദ്യമായാണ് ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്

ENGLISH SUMMARY:

Lamine Yamal was the star player in Spain's victory over Austria, despite not scoring or assisting. His ability to disrupt the opponent's defense and create opportunities was crucial to Spain's dominant performance and ultimately their 3-0 win.