ലൈംഗിക പീഡനക്കേസില്‍ സ്പാനിഷ് ഫുട്ബോൾ താരം റാഫ മിറിന് എട്ടര വർഷം തടവുശിക്ഷ വിധിച്ച് സ്പെയിനിലെ കോടതി. മറ്റൊരു ഫുട്ബോൾ താരത്തിനൊപ്പം ചേർന്ന് രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയും ഫുട്ബോള്‍ താരവുമായ പാബ്ലോ ജെ.ജി.ക്ക് രണ്ടര വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. കൂടാതെ കേസിലെ അതിജീവിതമാര്‍ക്ക് 64,000 യൂറോ (70 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
2024 ലാണ് കേസിനാസ്പദമായ സംഭവം. വലൻസിയ നഗരത്തിലെ നിശാ ക്ലബ്ബിലെ ഒരു പാര്‍ട്ടിക്കിടെയാണ് മിറും പാബ്ലോയും യുവതികളെ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് യുവതികളെ റാഫ മിറിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ശേഷം നീന്തൽക്കുളത്തിലും കുളിമുറിയിലും വെച്ച് യുവതികളെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ലൈംഗികാതിക്രമത്തിന് ഏഴ് വർഷവും, ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിന് 18 മാസവും ഉൾപ്പെടെ ആകെ എട്ടര വർഷത്തെ തടവുശിക്ഷയാണ് മിറിന് കോടതി വിധിച്ചത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച താരം ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നാണ് കോടതിയില്‍ വാദിച്ചത്. കേസില്‍ താരത്തിന് അപ്പീല്‍ പോകാനും അവസരമുണ്ട്.
സംഭവം നടക്കുന്ന സമയം ആറ് തവണ ലീഗ് ചാമ്പ്യന്മാരായ വലൻസിയ ക്ലബ്ബിലായിരുന്നു മിർ കരാറിലുണ്ടായിരുന്നത്. നിലവിൽ സെവിയയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ലാ ലിഗ ക്ലബ്ബായ എൽച്ചെക്ക് വേണ്ടിയാണ് മിര്‍ കളിക്കുന്നത് എന്നാല്‍ ഈ മാസാവസാനത്തോടെ എൽച്ചെയുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. ഇതിനിടെയാണ് നിർണ്ണായക വിധി വന്നിരിക്കുന്നത്. വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ക്ലബ്ബിനായും ഒളിമ്പിക്‌സിൽ സ്‌പെയിനിന്റെ ദേശീയ പുരുഷ ടീമിനും വേണ്ടി താരം കളിച്ചിട്ടുണ്ട്.