ഫിഫ ലോകകപ്പിന് വേദിയാകുന്ന കാനഡയിൽ ഫുട്ബോൾ ആവേശത്തിന് ഔദ്യോഗിക തുടക്കം. ടൊറന്റോയിൽ സംഘടിപ്പിച്ച ഫാൻ ഫെസ്റ്റിവലിലൂടെ ലോകകപ്പ് ആഘോഷങ്ങൾക്ക് തുടക്കമിട്ടപ്പോൾ സംഗീതവും നിറങ്ങളും തിങ്ങഇയ വേദി ആരാധകരെ ആവേശത്തിലാഴ്ത്തി.
ഐസ് ഹോക്കിയുടെ നാടെന്ന വിശേഷണമുള്ള കാനഡ ഇപ്പോൾ ഫുട്ബോൾ ജ്വരത്തിലാണ്. ലോകകപ്പിന് പന്തുരുളുന്നതിന് മുന്‍പ് ടൊറന്റോ, ലോസ് ആഞ്ചലസ്, മെക്സിക്കോ സിറ്റി എന്നിവിടങ്ങളിൽ ഒരേസമയം ഫാൻ ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചിരുന്നു. ലോകപ്രശസ്ത സംഗീതജ്ഞരുടെ പ്രകടനങ്ങളോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.
ടൊറന്റോയിലെ ആരാധകർക്ക് മറക്കാനാവാത്ത സംഗീതരാവ് സമ്മാനിക്കാൻ എത്തിയത് കാനഡയുടെ സ്വന്തം സംഗീത ഇതിഹാസമായ ബ്രയൻ ആഡംസായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള ബ്രയന്റെ ഗാനങ്ങൾക്കൊപ്പം ആയിരക്കണക്കിന് ആളുകളും ഏറ്റുപാടിയതോടെ വേദി സംഗീതാവേശത്തിൽ മുങ്ങി.
ഫാൻ ഫെസ്റ്റിവലിന് കൂടുതൽ മിഴിവേകിയവരിൽ ഇന്ത്യൻ സിനിമാപ്രേമികൾക്കും സുപരിചിതയായ കനേഡിയൻ ഗായികയും നടിയുമായ നോറ ഫത്തേഹിയും ഉണ്ടായിരുന്നു. ടൊറന്റോയിൽ ജനിച്ചുവളർന്ന നോറ ഹിന്ദി, തെലുങ്ക്, മലയാളം സിനിമകളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടിയ താരമാണ്.
ഗായകരായ അക്വീല, ഹവയ്യ മൈറ്റി, വൈക്ലിഫ് ജീൻ എന്നിവരും വേദിയിലെത്തി സംഗീതവിരുന്ന് ഒരുക്കി. അവരുടെ പ്രകടനങ്ങളും കാണികളുടെ ആവേശം ഇരട്ടിയാക്കി. മഴ മാറിനിന്ന അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഫാൻ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയത്. ഒരു മണിക്കൂറിലേറെ ക്യൂ നിന്ന ശേഷമാണ് പലർക്കും വേദിയിലേയ്ക്ക് പ്രവേശനം ലഭിച്ചത്. മറ്റ് ആതിഥേയ നഗരങ്ങളിലെ ആഘോഷദൃശ്യങ്ങളും 40 അടി വലുപ്പമുള്ള മെഗാ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ടൊറന്റോയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ ആരാധകർ ആർപ്പുവിളികളോടെ സ്വീകരിച്ചു.
ടൊറന്റോയ്ക്ക് പുറമെ വാൻകൂവറും ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകും. വാൻകൂവറിൽ ഏഴ് മത്സരങ്ങളും ടൊറന്റോയിൽ ആറ് മത്സരങ്ങളുമാണ് നടക്കുക. ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ഇനി കാനഡയിലേയ്ക്കാണ്. ലോകകപ്പിന്റെ ആവേശം നഗരങ്ങളെയും ആരാധകരെയും ഇതിനോടകം കീഴടക്കിക്കഴിഞ്ഞു.