ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ഇടവേളയിൽ സംഗീത വിരുന്നൊരുങ്ങുന്നു. അമേരിക്കൻ ഫുട്ബോളിലെ സൂപ്പർ ബോളിന്റെ മാതൃകയിലായിരിക്കും ഈ ഹാഫ് ടൈം ഷോ. മത്സരങ്ങൾക്ക് മുൻപുള്ള പുതിയ ചടങ്ങും ഫിഫ പ്രഖ്യാപിച്ചു.

ലോകകപ്പിലെ ഓരോ മത്സരം തുടങ്ങുന്നതിന് മുൻപും, ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിന് മുന്നോടിയായി സ്ക്വാഡിലെ എല്ലാ കളിക്കാരും സെന്റർ സർക്കിളിന് ചുറ്റും അണിനിരക്കും. മുന്‍പ് ഇത് പ്ലെയിങ് ഇലവനിലുള്ളവര്‍ മാത്രമായിരുന്നു. സ്റ്റേഡിയത്തെ ഒരു പങ്കാളിത്ത വേദിയാക്കി മാറ്റുന്നു' എന്ന് ഫിഫ വിശേഷിപ്പിക്കുന്ന ഈ ചടങ്ങിൽ രാജ്യങ്ങളുടെ കൂറ്റൻ പതാകകഴും പ്രദർശിപ്പിക്കും. 

ടണലിനോട് ചേർന്നുള്ള പ്രത്യേക കവാടത്തിലൂടെയാകും കളിക്കാർ കളത്തിലേയ്ക്ക് പ്രവേശിക്കുക. ആരാധകർ എവിടെ ഇരുന്നാലും അവർക്ക് സവിശേഷവും ആകർഷകവുമായ കാഴ്ചാനുഭവം ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. അ‌ടുത്ത വ്യാഴാഴ്ചയാണ് ഉദ്ഘാടന മല്‍സരം. 

ജൂലൈ 19ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിൽ സംഗീത വിരുന്നിനൊപ്പം ന്യൂയോര്‍ക്ക് സിറ്റിയുടെ ആകാശത്ത് കരിമരുന്ന് പ്രയോഗവും വർണവിസ്മയം തീർക്കും. കെ-പോപ്പ് സൂപ്പർഗ്രൂപ്പായ ബിടിഎസ്, മഡോണ, കൊളംബിയൻ താരം ഷക്കീറ  എന്നിവർ ഒരുമിച്ച് വേദിയിലെത്തും.

പതിനൊന്ന് മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയുടെ ക്യുറേറ്റർ ബ്രിട്ടീഷ് റോക്ക് ബാൻഡ് കോള്‍ഡ്പ്ലെയുടെ ഗായകൻ ക്രിസ് മാര്‍ട്ടിന്‍ ആണ്.

ENGLISH SUMMARY:

World Cup 2026 will feature a groundbreaking halftime show with a music concert, a first in its history. This event aims to elevate the fan experience with a spectacular display of music and fireworks.