ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ വനിതാവിഭാഗം ചാംപ്യന്‍ അമേരിക്കയുടെ കൊക്കോ ഗോഫിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നു, 10 ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം ഗോഫ് അപ്രതീക്ഷിതമായി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. "എനിക്ക് പോകണം. ക്ഷമിക്കണം. നമുക്ക് പിന്നീട് കാണാം" എന്ന് പറഞ്ഞ് അമേരിക്കന്‍ യുവതാരം എഴുന്നേറ്റ് പുറത്തേക്ക് പോയി. ഫ്രഞ്ച് ഓപ്പണിലെ മുന്‍നിരത്താരങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഗോഫിന്റെ നടപടി. കളിമൺ കോർട്ട് ഗ്രാൻസ്‍ലാമിലെ വരുമാനത്തിൽ നിന്ന് ന്യായമായ വിഹിതം ലഭിക്കുന്നില്ലെന്നാണ് താരങ്ങളുടെ പരാതി. പ്രതിഫലം ഉയര്‍ത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് 15 മിനിറ്റായി പരിമിതപ്പെടുത്തിയ വാര്‍ത്താസമ്മേളനങ്ങള്‍. 

‘ ഷോ ഒരുക്കുന്നത് ഞങ്ങള്‍’

സാധാരണ ATP, WTA ടൂര്‍ണമെന്റുകളില്‍ വരുമാനത്തിന്റെ 22% കളിക്കാർക്ക് സമ്മാനത്തുകയായി നല്‍കുന്നുണ്ട്. എന്നാല്‍ ഫ്രഞ്ച് ഓപ്പണില്‍ ടൂര്‍ണമന്റ് വരുമാത്തിന്റെ 15 ശതമാനത്തിൽ താഴെ മാത്രമാണ് കളിക്കാര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ സമ്മാനത്തുക 20 ശതമാനവും ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ സമ്മാനത്തുക 16 ശതമാനവുമാക്കി ഉയര്‍ത്തിയിരുന്നു. 

ഇതിനുപിന്നാലെ  ഫ്രഞ്ച് ഓപ്പണ്‍ സംഘാടകർ സമ്മാനത്തുക ഏകദേശം 10% വർധിപ്പിച്ചിരുന്നു. ഫ്രഞ്ച് ഓപ്പണിലെ ആകെ സമ്മാനത്തുക 6.17 കോടി യൂറോയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 53 ലക്ഷം യൂറോയുടെ വർധനയുണ്ട്. എന്നാൽ വരുമാനത്തിലെ വിഹിതമനുസരിച്ച് നോക്കുമ്പോള്‍ താരങ്ങള്‍ക്ക് കൈമാറുന്ന തുക 2024-ലെ 15.5 ശതമാനത്തിൽ നിന്ന് 2026-ൽ 14.9 ശതമാനമായി കുറയുമെന്നാണ് ആരോപണം. ഈ വ്യത്യാസമാണ് ടൂർണമെന്റ് സംഘാടകരും താരങ്ങളുടെ പ്രതിനിധികളും തമ്മിലുള്ള തർക്കങ്ങൾക്ക് ആക്കം കൂട്ടിയത്. ഒന്നാം റാങ്കുകാരിയായ അരീന സബലെങ്ക ടൂർണമെന്റ് ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചത്രേ. കളിക്കളത്തിൽ ഷോ ഒരുക്കുന്നത് താരങ്ങളാണ്,  താരങ്ങളില്ലെങ്കില്‍ ടൂർണമെന്റുകളില്ല, വിനോദവുമില്ല. കൂടുതൽ മികച്ച പ്രതിഫലം അർഹിക്കുന്നുണ്ടെന്നാണ് സബലേങ്കയുടെ വാക്കുകള്‍. 

പ്രതിഷേധത്തിനില്ലെന്ന് ജോക്കോവിച്ച് 

നൊവാക് ജോക്കോവിച്ചിന്റെ വാര്‍ത്താസമ്മേളനം നീണ്ടത്  14 മിനിറ്റും 48 സെക്കൻഡും. എന്നാല്‍ പ്രതിഷേധത്തിൽ ഔദ്യോഗികമായി പങ്കാളിയല്ലെന്ന് ജോക്കോവിച്ച് പറയുന്നു. ഫ്രഞ്ച് താരങ്ങളും പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ആദ്യ പത്തുറാങ്കിലുള്ള താരങ്ങളാണ് പ്രതിഷേധത്തില്‍ പ്രധാനമായും പങ്കെടുക്കുന്നത്. ആതിഥേയരായ ഫ്രാൻസിന് ആദ്യ പത്തിൽ കളിക്കാരില്ലെങ്കിലും, 19-ാം റാങ്കിലുള്ള ആർതർ ഫിസാണ് ഫ്രഞ്ച് പുരുഷതാരങ്ങളിൽ ഒന്നാമൻ. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ ലോയിസ് ബ്വാസൻ 50-ാം റാങ്കോടെ ഫ്രഞ്ച് വനിതാ താരങ്ങളിൽ മുന്നിലുണ്ട്. എന്നാല്‍ മറ്റുതാരങ്ങളെ പ്രതിഷേധത്തിന്റെ വിവരം അറിയിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Coco Gauff's abrupt departure from her press conference at the French Open highlights a significant protest by top tennis players regarding prize money distribution. This action underscores their demand for a fairer share of tournament revenue, as they believe they are the primary contributors to the sport's entertainment and commercial success.