ട്വന്റി 20 ലോകകപ്പില്‍ തോല്‍വിയറിയാതെയാണ് സൂപ്പര്‍ എട്ടിലേക്കുള്ള ഇന്ത്യന്‍ മുന്നേറ്റമെങ്കിലും, ബാറ്റിങ് നിരയ്ക്ക് അടിതെറ്റിയത് ഓഫ്സ്പിന്‍ ബോളിങ്ങിന് മുന്നില്‍. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം ഓഫ് സ്പിൻ പന്തുകൾ നേരിട്ട ടീം ഇന്ത്യയാണ്.  

ഇന്ത്യന്‍ ടീമിലെ എട്ട് ബാറ്റർമാരിൽ ആറു പേരും ഇടംകയ്യൻമാർ. സമീപകാല മല്‍സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലും ഇടംകയ്യൻമാർ തന്നെ. ഇതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കെതിരെ പവര്‍പ്ലേയില്‍തന്നെ ഓഫ് സ്പിന്‍ പയറ്റി എതിരാളികള്‍. ഇതുവരെ ഓഫ്സ്പിന്നര്‍മാര്‍ എറിഞ്ഞത് 17 ഓവറുകള്‍.  ഇന്ത്യ 106 റണ്‍സ് നേടിയപ്പോള്‍ നഷ്ടമായത് എട്ടുവിക്കറ്റുകള്‍. 6.23 എന്നതായിരുന്നു ഇന്ത്യയുടെ സ്കോറിങ് നിരക്ക്. അഭിഷേക് ശർമയുടെ ലോകകപ്പ് തുടങ്ങിയതുതന്നെ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായാണ്. അതിൽ രണ്ടു തവണയും ഓഫ് സ്പിന്നിനെതിരെ ആക്രമിച്ചു കളിക്കാനുള്ള ശ്രമത്തിലാണ് വിക്കറ്റ് നഷ്ടമായത്. അതിലൊന്ന്, അപ്രതീക്ഷിതമായി ന്യൂ ബോൾ എറിയാനെത്തിയ സൽമാൻ ആഗയ്ക്കെതിരെയായിരുന്നു. മൂന്നാം നമ്പറിൽ ഇറങ്ങുന്ന തിലക് വർമ ഈ ടൂർണമെന്റിൽ ഇതിനകം 30-ൽ അധികം ഓഫ് സ്പിൻ പന്തുകൾ നേരിട്ടു കഴിഞ്ഞു. സൂപ്പര്‍ എട്ടില്‍ എതിരാളികള്‍ ഇന്ത്യയെ പഠിച്ചിറങ്ങുമ്പോള്‍ മറുതന്ത്രം അണിയറയില്‍ ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം

ENGLISH SUMMARY:

T20 World Cup India's batting has shown vulnerabilities against off-spin bowling, despite their unbeaten run to the Super 8. Indian batsmen are facing a high volume of off-spin deliveries, with strategies being developed to counter this challenge.