റയല്‍ മഡ്രിഡ് താരം വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം നിഷേധിച്ച് പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക. ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനിടെയായിരുന്നു നാടകീയ സംഭവം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ക്ലബ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടു. റയലിന്റെ ആരോപണത്തില്‍ യുവേഫ അന്വേഷണം പ്രഖ്യാപിച്ചേക്കും.
റയൽ മഡ്രിഡ് – ബെന്‍ഫിക്ക ചാംപ്യൻസ് ലീഗ് പ്ലേ ഓഫ് മല്‍സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍. ലിസ്ബണില്‍ നടന്ന മല്‍സരത്തിന്റെ അന്‍പതാം മിനിറ്റില്‍ വിനീഷ്യസ് ഗോള്‍ നേടിയതിന് പിന്നാലെയാണ്, മല്‍സരം നിര്‍ത്തിവയ്ക്കേണ്ടി വന്നത്. ബെന്‍ഫിക്കയുടെ അര്‍ജന്റീന താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി, കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് വിനീഷ്യസ് പരാതിപ്പെട്ടു. സഹതാരം കിലിയൻ എംബപെയും ആരോപണം ശരിവച്ചു. ജേഴ്സികൊണ്ട് മറച്ച് ജിയാന്‍ലൂക്ക സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് മല്‍സരം 10 മിനിറ്റോളം നിർത്തിവച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ബെന്‍ഫിക്ക, സംഭവത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിടുന്ന അസാധാരണ നടപടിയും സ്വീകരിച്ചു. വിനീഷ്യസിനും എംബപെയ്ക്കും യഥാർഥത്തിൽ എന്തെങ്കിലും കേൾക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമുയർത്തിയാണ് വിഡിയോ പങ്കുവച്ചത്. വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണങ്ങൾ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിയും നിഷേധിച്ചു. വിവാദത്തിൽ ബെൻഫിക്ക മാനേജർ ഹോസെ മൗറീന്യോയുടെ പ്രതികരണവും വിമർശനം ഏറ്റുവാങ്ങി. പ്രശ്നം വഷളാകും മുൻപ് വിനീഷ്യസ് തന്റെ കളിക്കാരെ പ്രകോപിപ്പിച്ചുവെന്നാണ് മൗറിഞ്ഞോയുടെ വാദം.