റയല്‍ മഡ്രിഡിന്റെ മല്‍സരം കാണാനുള്ള യാത്ര ഉപേക്ഷിച്ചാണ് മുഹമ്മദ് സിറാജ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. പിന്നെ സംഭവിച്ചതെല്ലം സ്വപ്നം പോലെ തോന്നുന്നുവെന്ന്, യുഎസിനെതിരെ ഇന്ത്യയ്ക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത സിറാജ് പറയുന്നു.
ഇഷ്ട ഫുട്ബോൾ ടീമായ റയൽ മഡ്രിഡും റയൽ സോസിദാദും തമ്മിലുള്ള മത്സരം കാണാൻ ലോകത്തിന്റെ മറ്റേ അറ്റത്തേക്ക് പറക്കാൻ തയാറെടുക്കുകയായിരുന്നു മുഹമ്മദ് സിറാജ്. അപ്പോഴാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോൺവിളി എത്തുന്നത്.
ട്വന്റി20 ലോകകപ്പിൽനിന്നു പരുക്കേറ്റു ഹർഷിത് റാണ പുറത്തായതോടെയാണ് സിറാജിനു നറുക്കുവീണത്. ജസ്പ്രീത് ബുമ്രയ്ക്ക് അസുഖമായതിനാൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ച സിറാജ്, പതിവു തെറ്റിച്ചില്ല; ഓരോ പന്തിലും തന്റെ സർവവും അർപ്പിച്ചു. ആ ആത്മാർഥമായ പ്രകടനത്തിന് പ്രതിഫലമായി ലഭിച്ചത് മൂന്നു വിക്കറ്റുകൾ. പോരാട്ടവീര്യം കാഴ്ചവച്ച യുഎസ്എ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഇന്ത്യയെ സഹായിച്ചതും ഈ വിക്കറ്റ് നേട്ടമാണ്.