ഇന്ത്യൻ വോളിബോളിലെ ശക്തരായ റെയിൽവേസിനെ അഞ്ചു സെറ്റു നീണ്ടുനിന്ന വീറുറ്റ പോരാട്ടത്തിൽ കീഴടക്കി കേരളത്തിന്റെ വനിതാ ടീം ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടു. വരാണാസിയിലെ സിഗ്ര സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ആവേശകരമായ ഫൈനലിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ​അഞ്ചാം സെറ്റിലെ ശക്തമായ തിരിച്ചുവരവാണ് കേരളത്തിന്റെ വിജയത്തിന് ആധാരമായത്.

​ആദ്യ സെറ്റ് 22–25ന് നഷ്ടമായെങ്കിലും പതറാതെ പോരാടിയ കേരളം രണ്ടും മൂന്നും സെറ്റുകൾ (25–20, 25–15) നേടിയെടുത്ത് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. എന്നാൽ നാലാം സെറ്റിൽ റെയിൽവേസ് ശക്തമായി തിരിച്ചുവന്നതോടെ (22-25) കളി നിർണ്ണായകമായ അഞ്ചാം സെറ്റിലേക്ക് നീങ്ങി. സമ്മർദഘട്ടത്തിൽ തളരാതെ പൊരുതിയ കേരളം 15-8 എന്ന നിലയിൽ അവസാന സെറ്റ് പിടിച്ചെടുത്ത് കിരീടം ഉറപ്പിക്കുകയായിരുന്നു.

​കേരളത്തിന്റെ ഈ ഐതിഹാസിക വിജയത്തിന് പിന്നിലെ ചാലകശക്തി മുൻ രാജ്യാന്തര താരം കൂടിയായ ജയ്‌സമ്മ മൂത്തേടനും ചീഫ് കോച്ച് ഡോ. സി.എസ്.സദാനന്ദനുമാണ്. ടീമിന്റെ പരിശീലകയായും മെന്ററായും ജയ്‌സമ്മയും പ്രധാന പരിശീലകനായി സി.എസ്.സദാനന്ദനും നൽകിയ പിന്തുണയും മാർഗനിർദേശങ്ങളുമാണ് ടീമിനെ നേട്ടത്തിലേക്ക് നയിച്ചത്. അർബുദത്തെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ജയ്‌സമ്മയുടെ സാന്നിധ്യം താരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. അനുഭവസമ്പന്നരായ ആറ് താരങ്ങളുടെ അഭാവത്തിലും യുവനിരയെ കോർത്തിണക്കി ടീമിനെ സജ്ജമാക്കുന്നതിൽ വിജയിച്ചു. ഒരു സീനിയർ പ്ലെയർ മാത്രമാണ് ടീമിലുണ്ടായിരുന്നത്. ജൂനിയർ താരങ്ങൾ അവസരത്തിനൊത്ത് ഉയര്‍ന്നത് ടീമിന് കരുത്തായി. 

​അനുശ്രീയുടെ നേതൃത്വത്തിൽ മിന്നും പ്രകടനം

​ക്യാപ്റ്റൻ കെ.പി. അനുശ്രീയുടെ പക്വതയാർന്ന നേതൃത്വമാണ് ഫൈനലിൽ കേരളത്തിന് തുണയായത്. സ്പൈക്കർമാരായ അന്ന മാത്യു, ആൻ വി.ജേക്കബ്, അനഘ രാധാകൃഷ്ണൻ എന്നിവരുടെ തകർപ്പൻ സ്മാഷുകളും നന്ദനയുടെ സെറ്റിംഗും കേരളത്തിന്റെ വിജയത്തിന് വേഗം കൂട്ടി. പ്രതിരോധത്തിലും അക്രമണത്തിലും ഒരുപോലെ മികവ് പുലർത്തിയ കേരളാ ടീം റെയിൽവേസിന്റെ ഓരോ നീക്കത്തെയും കൃത്യമായി പ്രതിരോധിച്ചു. ​ഈ വിജയത്തോടെ വോളിബോൾ കോർട്ടിലെ അപ്രമാദിത്വം കേരളം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു. റെയിൽവേസിനെതിരെ കഴിഞ്ഞ വർഷം നേരിട്ട തോൽവിക്ക് മധുരപ്രതികാരം കൂടിയായി ഈ കിരീടനേട്ടം.

ENGLISH SUMMARY:

Kerala Volleyball Team wins the National Senior Volleyball Championship after defeating Railways. This victory underscores Kerala's dominance in volleyball and serves as sweet revenge for last year's loss against Railways.