അണ്ടര്‍ 19 ഏഷ്യ കപ്പില്‍ നിന്ന് ഭാവിയിലേക്കൊരു മൂന്നാം നമ്പര്‍ ബാറ്ററെ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യ. പ്രകടനംകൊണ്ട് മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന വിശേഷണം നേടിയിരിക്കുകയാണ് മലയാളി താരം ആരോണ്‍ ജോര്‍ജ്.
മധ്യ ഓവറുകളിൽ നങ്കൂരമിട്ട് ഇന്ത്യന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തുന്ന ബാറ്റര്‍. അണ്ടര്‍ 19 ഏഷ്യ കപ്പില്‍ നാലുമല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പടെ ആരോണ്‍ ജോര്‍ജ് നേടിയത് 228 റണ്‍സ്. ഇതോടെയാണ് മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന വിശേഷണം ലഭിച്ചത്. സൂര്യവംശിയെയും ആയുഷ് മഹ്ത്രെയെയും പോലെ സ്ഫോടനാത്മക ബാറ്റിങ്ങല്ല ആരോണിന്റേത്. ഉയർന്ന ബാക്ക് ലിഫ്റ്റും ചടുലമായ പാദചലനങ്ങളും ടൈമിങ്ങും പ്ലേസ്മെന്റുമാണ് ആരോണിനെ വിശ്വസ്തനാക്കുന്നത്. മാവേലിക്കര സ്വദേശിയായ ഈശോ വർഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വർഗീസിന്റെയും മകനായ ആരോൺ ജനിച്ചത് കേരളത്തിലാണെങ്കിലും ക്രിക്കറ്റിന്റെ ബാലപാഠം പഠിച്ചത് ഹൈദരാബാദില്‍ നിന്ന്. ഈ വർഷം വിനൂ മങ്കാദ് അണ്ടർ 19 കിരീടത്തിലേക്ക് ഹൈദരാബാദിനെ നയിച്ചത് ആരോൺ ജോർജാണ്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ, ഏറ്റവും അധികം സെഞ്ചറിയുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച ആരോണിന് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണമെത്താനും വൈകിയില്ല.