ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും പരമ്പര, 2027 ലോകകപ്പിലെ ഭാവി നിർണയിക്കുന്ന പരീക്ഷണം കൂടിയാണ്. 2027 ലോകകപ്പ് വരെ കരാറുള്ളതിനാൽ സ്ഥാനത്തിന് ഭീഷണിയില്ലെങ്കിലും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഈ പരമ്പരയിൽ കടുത്ത നിരീക്ഷണത്തിലാകും.
ടീം ഘടനയിലെ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് മൂന്നുമല്‍സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങുന്നത്. പല മുതിർന്ന താരങ്ങളും ടീമിന് പുറത്തായതിനാല്‍ പ്ലേയിങ് ഇലവന്റെ കാര്യത്തിൽ അന്തിമരൂപമായിട്ടില്ല. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചപ്പോൾ, സ്ഥിരം നായകൻ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും പരുക്കിന്റെ പിടിയിലാണ്. കൂടുതൽ സംയമനത്തോടെ കളിക്കുന്ന തിലക് വർമയ്ക്ക് നീണ്ട അവസരങ്ങൾ നൽകി വിശ്വാസമർപ്പിച്ചേക്കാം.
ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് വിക്കറ്റ് കീപ്പറെങ്കിൽ ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്നും കണ്ടറിയണം. കഗീസോ റബാദ, ആൻറിച്ച് നോർട്യ എന്നിവരുടെ അഭാവത്തില്‍ ജെറാൾഡ് കോര്‍ട്സെ, നാൻഡ്രെ ബർഗർ എന്നിവരാകും പേസര്‍മാര്‍. വേഗം കുറയാൻ സാധ്യതയുള്ള പിച്ചുകളിൽ മധ്യ ഓവറുകളിൽ നിയന്ത്രണം ഏറ്റെടുക്കേണ്ട ചുമതല ഇടംകയ്യൻ സ്പിന്നർ കേശവ് മഹാരാജിന്റെ കൈകളിലായിരിക്കും.