2026 ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ 22 ടീമുകളുടെ ഹോം ജേഴ്സി അഡിഡാസ് പുറത്തിറക്കി. മൂന്ന് ലോക കിരീടം നേടിയ ജേഴ്സികളുടെ നിറങ്ങള്‍ സമന്വയിപ്പിച്ചതാണ് അര്‍ജന്റീനയുടെ കുപ്പായം. ലോകകിരീടം നേടിയിട്ടുള്ള ജര്‍മനി, ഇറ്റലി ടീമുകളുടെ കുപ്പായത്തിലും ഈ വര്‍ണസമന്വയം കാണാനാകും.
അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026ലെ ലോകപ്പിന്റെ ജേഴ്സികളാണ് പുറത്തിറക്കിയത്. ഓരോ രാജ്യത്തിന്റെയും ചരിത്രപരമായ ദൃശ്യ ഐഡന്റിറ്റികളും പാരമ്പര്യങ്ങളും സംയോജിപ്പിച്ച് ആധുനികഭാവം നല്‍കിയാണ് അഡിഡാസ് ജേഴ്സി രൂപകല്‍പന ചെയ്തത്. ടൂർണമെന്റിന്റെ ചരിത്രത്തെ ഓർമിപ്പിക്കുന്നു പല ജേഴ്സികളും. 1978,1986,2022 ലോകകപ്പുകളില്‍ അര്‍ജന്റീന ഉപയോഗിച്ച ജേഴ്സികളിലെ നീല ടോണുകളുെട സംയോജനമാണ് അര്‍ജന്റീനയുടെ ഹോം ജേഴ്സിയില്‍ കാണാനാകുക. പരമ്പരാഗത ആകാശനീലിമ വരകള്‍ക്ക് ഗ്രേഡിയന്റ് ഇഫക്ട് നല്‍കിയിരിക്കുന്നു. 2006ലെ ലോകകപ്പ് ജയത്തിന്റെ 20ാം വാര്‍ഷികമാണ് അസൂറികളുടെ ജേഴ്സിയില്‍ കാണാനാകുക. 1990ലെ ജേഴ്സിയെ അനുസമരിപ്പിക്കുന്ന വിധത്തിലാണ് ജര്‍മനിയുടെ ജേഴ്സി രൂപകല്‍പന.കറുപ്പ്, ചുവപ്പ്,സ്വര്‍ണ നിറങ്ങളുടെ സമന്വയം. സ്പെയിന്‍,മെക്സിക്കോ,ജപ്പാന്‍,കൊളംബിയ,സൗദി അറേബ്യ തുടങ്ങിയ ടീമുകളുടെ ജേഴ്സിയിലും അവരുടെ മുൻകാല വിജയങ്ങളോ, അവിസ്മരണീയമായ തീയതികളോ കാണാനാകും. ചൂടുള്ള കാലാവസ്ഥയെ നേരിടാൻ, അഡിഡാസിന്റെ ഏറ്റവും പുതിയ CLIMACOOL+ മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന മെഷ് ദ്വാരങ്ങൾ മികച്ച വായു പ്രവേശനക്ഷമത നൽകുന്ന ജേഴ്സികള്‍ കളിക്കാരെ കൂളാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.