ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരുക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. അലക്‌സ്‌ കാരിയെ പുറത്താക്കാനായി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ്  അയ്യര്‍ക്ക് പരുക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.

'കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാൽ, പരുക്ക് ഭേദമാകുന്നതനുസരിച്ച്  ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തിൽ തുടരും.' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

ഏകദേശം മൂന്നാഴ്‌ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരുക്ക് ഭേദമാകാന്‍  അതില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ്  പുറത്തുവരുന്ന വിവരം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും സിഡ്‌നിയിലെ ആശുപത്രിയിൽ താരം തുടരും. അതിന് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 ടീമിൽ അയ്യർ അംഗമല്ല. നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.

ENGLISH SUMMARY:

Shreyas Iyer injury update: Indian Vice-Captain Shreyas Iyer is seriously injured during the third match against Australia and is currently in the ICU. He suffered the injury while attempting a catch, and his recovery is expected to take several weeks.