അതിരുകടക്കുന്ന കളിക്കളത്തിലെ രാഷ്ട്രീയക്കളി ഇന്ത്യയുടെ ഒളിംപിക്സ് മോഹങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമോ? 2036 ഒളിംപിക്സിന് വേദിയാകാന്‍ മല്‍സരിക്കുന്ന ഇന്ത്യയുടെ സാധ്യതകള്‍ കുറയ്ക്കുന്നതാണ് ഏഷ്യ കപ്പില്‍ കണ്ട കാഴ്ച്ചകള്‍.
ഒരു ഒളിംപിക്സ് വേദി എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമായ എല്ലാവരെയും സ്വീകരിക്കുന്ന ഇടമായിരിക്കണം. ഇന്ത്യ വേദി അല്ലായിരുന്നിട്ടു പേലും ഏഷ്യ കപ്പില്‍ കണ്ടതാകട്ടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് രാഷ്ട്രീയം കളത്തിലിറങ്ങുന്നത്. മല്‍സരശേഷം നടത്തിയ പ്രസ്താവനയ്ക്ക് ഒരു ഇന്ത്യന്‍ നായകന് ഐസിസി പിഴവിധിക്കുന്നതിനും ടൂര്‍ണമെന്റ് സാക്ഷിയായി. കളത്തിലെ രാഷ്ട്രീയ നാടകങ്ങളിലെ ഒടുവിലത്തെ വേദിയാണ് ഏഷ്യ കപ്പ്.
2019ല്‍ ന്യൂഡല്‍ഹി വേദിയായ ഷൂട്ടിങ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ വീസ നിഷേധിച്ചിരുന്നു. പിന്നാലെ ടൂര്‍ണമെന്റിന്റെ ഒളിംപിക്സ് യോഗ്യതാ പദവി റദ്ദാക്കപ്പെട്ടു. 2018ല്‍ കോസോവോയില്‍ നിന്നുള്ള ബോക്സര്‍മാര്‍ക്ക് ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ ഇന്ത്യ അനുമതി നിഷേധിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് താക്കീതും ലഭിച്ചിരുന്നു. കടുത്ത രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ രാജ്യങ്ങള്‍ക്ക് വേദി തന്നെ നഷ്ടമായ ചരിത്രവുമുണ്ട്. 2019ലെ പാരാ സ്വിമ്മിങ് ലോക ചാംപ്യന്‍ഷിപ്പ് മലേഷ്യയില്‍ നിന്ന് എടുത്തുമാറ്റിയത് ഇസ്രയേല്‍ താരങ്ങള്‍ക്ക് വീസ് നിഷേധിച്ചതോടെ.