ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. മകളുടെ വിദ്യാഭ്യാസത്തിനായി ഷമി പണം ചിലവാക്കുന്നില്ലെന്നും കാമുകിമാരുടെ ബിസിനസ് ക്ലാസ് യാത്രകള്‍ക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നതെന്നും ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
'എന്റെ മകൾ നല്ല സ്കൂളിൽ പഠിക്കാൻ ശത്രുക്കൾ ആഗ്രഹിക്കുന്നില്ല. എന്നാൽ അള്ളാഹു ആ പദ്ധതികളെ തകര്‍ത്തു, അവള്‍ക്ക് അന്താരാഷ്ട്രനിലവാരമുള്ള സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചു. എന്‍റെ മകളുടെ പിതാവ് കോടീശ്വരനാണ്. പക്ഷേ അദ്ദേഹം മറ്റൊരു സ്ത്രീയുടെ കൂടെയാണ്. അവരുടെ മകളുടെ സ്കൂൾ ചെലവുകൾക്കായി വലിയ തുക മുടക്കുന്നു. കാമുകിമാർക്കു ബിസിനസ് ക്ലാസ് യാത്രാ ടിക്കറ്റുകൾക്കുവേണ്ടി ഷമി ലക്ഷങ്ങളാണു ചെലവാക്കുന്നത്. പക്ഷേ സ്വന്തം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഒന്നുമില്ല,’ ഹസിൻ ജഹാൻ കുറിച്ചു.
നിലവില്‍ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നാണ് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹസിന്‍ ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടത്. എന്നാല്‍ നാല് ലക്ഷം രൂപ ചെറിയ സംഖ്യയാണെന്നും പത്ത് ലക്ഷം മാസം വേണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. ഷമിയുടെ ജീവിതരീതി വച്ച് നാല് ലക്ഷം ചെറിയ സംഖ്യയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.