കുട്ടിക്കൊമ്പനും വേഴാമ്പലുമാണ് ഇക്കുറി കേരള ക്രിക്കറ്റ് ലീഗിന്‍റെ ഭാഗ്യ ചിഹ്നങ്ങള്‍. ചാക്യാര്‍ക്കൊപ്പം കേരളം ചുറ്റുന്ന ഇരുവരും തേടുന്നത് സ്വന്തമായൊരു പേരാണ്. പേരിടുന്നവര്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമ്മാനവും തരും.
ബാറ്റേന്തിയ കൊമ്പനെയും വേഴാമ്പലിനെയും കേരളം കാണിക്കാനുള്ള യാത്രയിലാണ് ചാക്യാര്‍. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഭാഗ്യചിഹ്നങ്ങളാണ് കൊമ്പനും വേഴാമ്പലും. രണ്ടുപേര്‍ക്കും പക്ഷേ ഒരു പേരില്ല. ട്രെന്‍ഡ് അനുസരിച്ച് പേരിടാന്‍ സഹായം ചോദിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു പോസ്റ്റിട്ടുണ്ട്. പോസ്റ്റിന് താഴെ ആര്‍ക്കും പേരിടാം. കേരളവുമായും ക്രിക്കറ്റുമായി ബന്ധമുള്ള പേരായിരിക്കണം. മികച്ച പേര് കൊമ്പനും വേഴാമ്പലും അങ്ങ് സ്വീകരിക്കും. പേരിട്ടയാള്‍ക്ക് സമ്മാനമായി കരുതിവച്ചിരിക്കുന്നത് മുപ്പതിനായിരം രൂപയാണ്. ഒരു പേരിന് 15,000 രൂപ വില. പത്താം തിയതി വരെയാണ് പേരിടാന്‍ അവസരം. 16ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജയിയെ പ്രഖ്യാപിക്കും. അപ്പോ പേരിട്ട് തുടങ്ങിക്കോ.