മാപ്പു പറഞ്ഞ് സ്നേഹത്തിലായിട്ടും ഹര്‍ഭജന്‍റെ മനസില്‍ നിന്ന് ആ നൊമ്പരം ഒഴിയുന്നില്ല. ഐപിഎല്‍ ആദ്യ സീസണില്‍ ശ്രീശാന്തുമായുണ്ടായ വാക്കേറ്റവും തുടര്‍ന്നുള്ള കയ്യാങ്കളിയും ഓര്‍ത്തെടുക്കുകയാണ് ഹര്‍ഭജന്‍. ആര്‍.അശ്വിന്‍റെ യൂട്യൂബ് പോഡ്കാസ്റ്റിലായിരുന്നു ഹര്‍ഭജന്‍റെ തുറന്നുപറച്ചില്‍. 'പഴയകാലത്തേക്ക് പോയി എന്തെങ്കിലും തിരുത്താന്‍ കഴിയുമെങ്കില്‍ ശ്രീയുമായുള്ള ആ വഴക്ക് എനിക്ക് മായ്ച്ച് കളയണം. എന്‍റെ കരിയറില്‍ നിന്നേ ആ സംഭവം തുടച്ച് നീക്കണം. ഒരായിരം തവണ മാപ്പു പറഞ്ഞിട്ടും അതിന്‍റെ ദുഃഖമെന്നെ വിട്ടുമാറുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം പറഞ്ഞ് ആ വേദന മറക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് വലിയ പിഴവായിരുന്നു. അവന്‍ എന്‍റെ സഹതാരമായിരുന്നു. കളിയില്‍ ഞങ്ങള്‍ എതിരാളികളായിരുന്നുവെങ്കിലും. ശ്രീ പ്രകോപിപ്പിച്ചതോടെയാണ് നിലവിട്ടു പോയതെങ്കിലും ഞാന്‍ അരുതാത്തതാണ് ചെയ്തത്. – ഹര്‍ഭജന്‍ വിശദീകരിച്ചു.
ശ്രീശാന്തും മകളും (ഫയല്‍ ചിത്രം, ടോണി ഡൊമിനിക് : മനോരമ, 2017)
വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ശ്രീശാന്തിന്‍റെ മകളെ നേരില്‍ കണ്ടിരുന്നുവെന്നും അപ്പോഴാണ് തകര്‍ന്ന് പോയതെന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തി. 'ഒത്തിരി സ്നേഹത്തോടെ സംസാരിക്കാന്‍ ചെന്നപ്പോള്‍ അവളെന്നോട് പറഞ്ഞത്, 'എന്നോട് മിണ്ടേണ്ട, എന്‍റെ അച്ഛനെ തല്ലിയ ആളല്ലേ' എന്നാണ്. അത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. കരഞ്ഞുപോകുമെന്നായി. അവളുടെ മനസില്‍ എനിക്കുള്ള രൂപം എന്താണെന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ മോശം തോന്നി. ഇപ്പോഴും ഞാനവളോട് മാപ്പിരക്കുന്നു. വളര്‍ന്ന് വലിയ കുട്ടിയാവുമ്പോഴെങ്കിലും അവളെനിക്ക് മാപ്പ് തരുമായിരിക്കും'.. താരം കൂട്ടിച്ചേര്‍ത്തു.
കിങ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിന് പിന്നാലെയാണ് കിങസ് താരമായ ശ്രീശാന്തിനെ ഭാജി തല്ലിയത്. ഹര്‍ഭജന്‍റെ അടിയേറ്റ ശ്രീശാന്ത് കണ്ണുനിറഞ്ഞ് നില്‍ക്കുന്നതും കുമാര്‍ സംഗക്കാരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും അന്ന് വൈറലായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന ഹര്‍ഭജനെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.