ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് പിറ്റേന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആതിഥ്യമരുളി ചാള്‍സ് രാജാവ്. ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളെയും ടീം പരിശീലകസംഘത്തെയും ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ചാണ് രാജാവ് കണ്ടത്. ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് പുറത്തായതിനെ 'നിർഭാഗ്യകരം' എന്നാണ് ചാൾസ് മൂന്നാമൻ രാജാവ് വിശേഷിപ്പിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ ഗില്ലുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. താരങ്ങളുമായി സംവദിക്കുകയും ഇരു ടീമുകൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഇന്ത്യൻ ടീം അംഗങ്ങളുമായി ക്രിക്കറ്റിനെക്കുറിച്ച് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. രാജാവുമായുള്ള കൂടിക്കാഴ്ച 'അവിസ്മരണീയമായിരുന്നു' എന്ന് ഗിൽ പിന്നീട് പ്രതികരിച്ചു. പലവട്ടം ഇംഗ്ലണ്ടില്‍ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചാള്‍സ് മൂന്നാമന്‍ രാജാവിനെ കാണുന്നതെന്നും അദ്ദേഹം വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും വനിത ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
ഇന്ത്യൻ ടീമുകൾക്കൊപ്പം യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ സുജിത് ഘോഷ്, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സൈക്കിയ എന്നിവരും പങ്കെടുത്തു. വെയല്‍സ് രാജകുമാരനായിരിക്കെ ചാള്‍സ് മൂന്നാമന്‍ സ്ഥാപിച്ച ബ്രിട്ടീഷ് –ഏഷ്യന്‍ ട്രസ്റ്റാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.