wimbledon-royal-box-dresscode

TOPICS COVERED

വിമ്പിള്‍ഡണില്‍ കളിക്കാർക്ക് മാത്രമല്ല, കാണാന്‍ വരുന്നവര്‍ക്കും ഡ്രസിങ്ങില്‍ ചില ചിട്ടകളുണ്ട്. സാധാരണക്കാരായ കാണികൾക്ക് കർശനമായ നിയമങ്ങൾ ഇല്ല. എന്നാൽ, റോയൽ ബോക്സിലിരുന്നാണ് കളി കാണുന്നതെങ്കിൽ വസ്ത്രധാരണച്ചട്ടം ഉറപ്പായും പാലിക്കണം. ഹോളിവുഡിലെയും ബോളിവുഡിലെയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ റോയല്‍ ബോക്സില്‍ ഇത്തവണയും ഇടംപിടിച്ചു. 

കളി കാണാനെത്തുന്നത് സെ‍ന്‍റര്‍ കോര്‍ട്ടിലും ഒന്നാം നമ്പര്‍ കോര്‍ട്ടിലും ആണെങ്കില്‍ കാണികള്‍ സ്മാര്‍‌ട്ട് കാഷ്വല്‍ വസ്ത്രങ്ങളാണ് അണിയേണ്ടത്. എന്നാല്‍ കീറിയ ജീൻസുകൾ, കായിക താരങ്ങൾ പരിശീലനത്തിനുപയോഗിക്കുന്ന തരത്തിലുള്ള ബനിയനുകൾ , മുഷിഞ്ഞ ഷൂസ് , രാഷ്ട്രീയപരമായ പ്രസ്താവനകളോ മുദ്രാവാക്യങ്ങളോ ആലേഖനം ചെയ്ത വസ്ത്രങ്ങൾ എന്നിവ ധരിച്ച് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതിയില്ല. പാദരക്ഷകള്‍ വൃത്തിയുള്ളതും മാന്യവും ആയിരിക്കണം. കളിക്കാര്‍ വെള്ള വസ്ത്രം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കിലും കാണികള്‍ക്ക് ഇഷ്ടമുള്ള നിറങ്ങള്‍ അണിയാം. ഒരാൾക്ക് ഒരു ബാഗ് മാത്രമേ അനുവദിക്കൂ. കൊണ്ടുവരുന്ന ബാഗുകൾ  നിശ്ചിത വലുപ്പപരിധി പാലിച്ചായിരിക്കണം. 

എന്നാൽ, റോയൽ ബോക്സിലിരുന്നാണ് കളി കാണുന്നതെങ്കിൽ വസ്ത്രധാരണച്ചട്ടം അതീവ കർശനമാണ്. പുരുഷന്മാർ നിർബന്ധമായും ജാക്കറ്റും ടൈയും ധരിച്ചിരിക്കണം. സ്ത്രീകൾ  ഔപചാരിക വസ്ത്രങ്ങൾ ധരിക്കണമെന്നും നിബന്ധനയുണ്ട്. അത് കാൽമുട്ടിന് താഴെ ഇറക്കമുള്ള ഉടുപ്പുകളോ, ട്രൗസർ സ്യൂട്ടുകളോ ആകാം. തൊപ്പി ധരിക്കാമെങ്കിലും മറ്റുള്ളവരുടെ കാഴ്ച മറയ്ക്കുന്ന തൊപ്പികള്‍ അനുവദനീയമല്ല. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള വലിയ ലോഗോകളോ പരസ്യവാചകങ്ങളോ ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം. 

ഹോളിവുഡ് താരങ്ങളായ റസല്‍ ക്രോ , ഹ്യൂ ഗ്രാന്‍റ് , ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് , കേറ്റ് ബ്ളാഞ്ചറ്റ് , എഡ്ഡി റെഡ്മേയ്ന്‍ , ഗ്ളന്‍ പവ്വല്‍ എന്നിവരും ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, അനുഷ്കാ ശര്‍മ എന്നിവരും ഇത്തവണ റോയല്‍ ബോക്സില്‍ ഇടംപിടിച്ചു. ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, റിഷഭ് പന്ത്,ജസ്പ്രീത് ബുംറ തുടങ്ങിയവരും സര്‍ ഡേവിഡ് ബെക്കാമും റോയല്‍ ബോക്സില്‍ ഇടംപിടിച്ചവരില്‍ ഉള്‍പ്പെടുന്നു.

ENGLISH SUMMARY:

At Wimbledon, dress codes apply not just to the players but also to the spectators. While regular attendees do not face strict regulations, those watching from the Royal Box must strictly adhere to a specific dress code. This year, prominent personalities, including stars from Hollywood and Bollywood, were once again spotted gracing the Royal Box, all dressed in accordance with the traditions.