മനോലോ മാർക്കേസ് കയ്യൊഴിഞ്ഞതോടെ പുതിയ പരിശീലകനെ തേടുന്ന ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്പെയിന്‍കാരനായ അന്‍റോണിയോ ലോപ്പസ് ഹബാസ്. ഞായറാഴ്ചവരെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയം. നിലവില്‍ ഐ ലീഗ് ക്ലബ് ഇന്‍റര്‍ കാശിയുടെ പരിശീലകനാണ് 68കാരനായ ഹബാസ്. കഴിഞ്ഞവട്ടം ഇന്ത്യ പുതിയ പരിശീലകനെ തേടിയപ്പോഴും ഹബാസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രായമാണ് അന്ന് തിരിച്ചടിയായത്. ഹബാസിനെ മറികടന്ന് മനോലോ മാർക്കേസ് ഇഗോർ സ്റ്റിമാച്ചിന്‍റെ പിൻഗാമിയായി. ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുള്ള പരിശീലകനാണ് ഹബാസ്. രണ്ടുവട്ടം എടികെയ്ക്കൊപ്പം ISL കിരീടം നേടിയ ഹബാസ് ഒരുവട്ടം ISL ഷീല്‍ഡും ടീമിന് നേടിക്കൊടുത്തു. 1997ല്‍ ബൊളിവിയ ചരിത്രമെഴുതി കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയപ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞത് അന്‍റോണിയോ ലോപ്പസ് ഹബാസ് ആയിരുന്നു. യൂറോപ്യന്‍ ക്ലബുകളായ വലന്‍സിയ, സെല്‍റ്റ വിഗോ ടീമുകളെയും ഹബാസ് പരിശീലിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്ബോള്‍ സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കേണ്ടത്. ഒരു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഹബാസിനോളം ടീമിനെ കരകയറ്റാന്‍ കെല്‍പ്പുള്ള മറ്റൊരാളെ കണ്ടെത്താനായേക്കില്ല. AFC ഏഷ്യന്‍ കപ്പ് യോഗ്യതയാണ് പുതിയ പരിശീലകന് മുന്നിലുള്ള വെല്ലുവിളി. ടൂര്‍ണമെന്‍റിന് യോഗ്യത നേടാന്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ബംഗ്ലദേശിനോട് സമനിലയും ഹോങ്കോങ്ങിനോട് തോല്‍വിയും ഏറ്റുവാങ്ങിയ ഇന്ത്യ ഗ്രൂപ്പ് സിയില്‍ നാലാം സ്ഥാനത്താണ്. ഇനിയുള്ള നാലുമല്‍സരങ്ങളും ഇന്ത്യയ്ക്ക് ജീവന്‍മരണ പോരാട്ടം. സിംഗപൂരിനെതിരെ രണ്ടുമല്‍സരങ്ങളും ബംഗ്ലദേശ്, ഹോങ്ങ്കോങ് ടീമുകള്‍ക്കെതിരെ റിട്ടേണ്‍ ലെഗ് മല്‍സരങ്ങളുമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്.
ഇഗോർ സ്റ്റിമാച്ചിന്‍റെ പിന്‍ഗാമിയായാണ് മനോലോ മാർക്കേസ് പരിശീലക സ്ഥാനത്തെത്തിയത്. ഐഎസ്എലിൽ എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മാർക്കേസ് ദേശീയ ടീമിന്‍റെയും ക്ലബിന്‍റെയും ചുമതലകള്‍ ഒന്നിച്ചു വഹിച്ചിരുന്നു. ഈ വർഷം ഗോവൻ ടീം വിട്ട് ഇന്ത്യൻ ടീമിന്‍റെ മാത്രം പരിശീലകനാവേണ്ടതായിരുന്നു. എന്നാൽ അതിനു മുൻപ്, തന്‍റെ കീഴിൽ ആകെ കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഇന്ത്യൻ ടീമിന്‍റെ പരിശീലക ജോലി ഉപേക്ഷിക്കാൻ മാർക്കേസ് തീരുമാനിക്കുകയായിരുന്നു. ജൂൺ 10ന് നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ, റാങ്കിങ്ങിൽ പിന്നിലുള്ള ഹോങ്കോങ്ങിനോട് 1–0ന് ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് മനോലോ മാർക്കേസ് പടിയിറങ്ങിയത്. ഒരു വര്‍ഷം തികച്ച് പരിശീലക സ്ഥാനത്തിരിക്കാത്ത മാർക്കേസിന്, ടീമില്‍ ഒരുതരത്തിലുള്ള ഇംപാക്റ്റും ഉണ്ടാക്കാനായില്ല. മധ്യനിരയുടെ കരുത്താണ് മാര്‍ക്കേസിന്റെ തന്ത്രത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ മധ്യനിരയില്‍ മിഡ്ഫീല്‍ഡ് കോംബിനേഷനുണ്ടാക്കാന്‍ മാര്‍ക്കേസിനായില്ല.