മെസി കേരളത്തില്‍ വന്നതുകൊണ്ട് ഇന്ത്യന്‍ ഫുട്ബോളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച്. മെസി വരുമോ എന്ന കാര്യത്തില്‍ പോലും തനിക്ക് സംശയമാണ്. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും ഇവാന്‍ നിഷേധിച്ചു. മനോരമ ന്യൂസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വുകമനോവിച്ചിന്‍റെ പ്രതികരണം.
ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനെക്കുറിച്ചുള്ള ചോദ്യത്തിന്, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ടീമുകളുമായി മല്‍സരിക്കാനുള്ള മികവ് ഇന്ത്യന്‍ ടീമിനില്ലെന്നായിരുന്നു വുകമനോവിച്ചിന്‍റെ പ്രതികരണം. മറ്റ് രാജ്യാന്തര ടീമുകളുമായി താരതമ്യം ചെയ്യാനുള്ള തലത്തിലുള്ള ഒരു കളിക്കാരും ടീമിലില്ല. പുതിയ താരങ്ങള്‍ ഉയര്‍ന്നുവന്നാല്‍ മാത്രമേ ടീമിന് വളരാനാകൂ. ഫെഡറേഷന്‍ ഇതിനായി പുതിയ പദ്ധതി രൂപീകരിക്കണം.
ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകാന്‍ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. ഇനി സമീപിച്ചാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. വളരെക്കാലം മുന്‍പ് തന്നെ സസ്പെന്‍ഡ് ചെയ്ത ഒരു ഫെഡറേഷന്‍ തന്നെ ദേശീയ ടീം പരിശീലകന്‍റെ സ്ഥാനത്തേക്ക് എടുക്കുമെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതുവരെ താന്‍ ഒരു ദേശീയ ടീമിന്‍റെയും തലപ്പത്തേക്ക് എത്തിയിട്ടില്ല. ഒരു ക്ലബിന്‍റെ പോലെയല്ല ഒരു ദേശീയ ടീം.
അര്‍ജന്‍റീന്‍ ഇതിഹാസം ലയണല്‍ മെസിയുടെ കേരളസന്ദര്‍ശനത്തേക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. മെസി ഇന്ത്യയിലേക്ക് വരുമെന്ന് താന്‍ കരുതുന്നില്ല. ഇന്ത്യയിലേക്ക് വന്നാല്‍ തന്നെ അപ്പോഴുള്ള ഹൈപ്പ് എന്നതല്ലാതെ ഇന്ത്യന്‍ ഫുട്ബോളിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷില്ല. മെസിയുടെ വരവ് കൊണ്ട് പുതിയ കുട്ടികള്‍ ചിലപ്പോള്‍ ഫുട്ബോള്‍ പ്രാക്ടീസ് ചെയ്തു തുടങ്ങാന്‍ സാധ്യതയുണ്ട് എന്നും വുകമനോവിച്ച് കൂട്ടിച്ചേര്‍ത്തു.
ഇന്നും മലയാളികള്‍ക്ക് തന്നോടുള്ള മനോഭാവത്തെക്കുറിച്ച് വുകമനോവിച്ച് പറഞ്ഞു. തന്‍റെ നാട്ടില്‍ വരെ മലയാളികളുണ്ട്. ഇന്നും തന്നെ പിടിച്ചുനിര്‍ത്തി മലയാളികള്‍ വിശേഷം ചോദിക്കാറും സൗഹൃദം പങ്കിടാറുമുണ്ടെന്നും മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറഞ്ഞു. സ്ലോവേനിയയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് വുകമനോവിച്ച്.