മെസി വന്നാല്‍ കളിക്കുന്നതിന് പരിഗണിക്കുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഫുട്ബോളിന് നല്‍കാനാകില്ല. ഐ.സി.സി അംഗീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയമായ കാര്യവട്ടത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വനിത ലോകകപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടേ നടക്കാനുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെ അര്‍ജന്‍റീനയുടെ കളിക്ക് സ്റ്റേഡിയം വിട്ടുനല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചോദിക്കുന്നു.
ഇതാണ് മെസി വന്നാല്‍ കളിക്കാന്‍ മന്ത്രി പരിഗണിക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. പക്ഷെ, ചെറിയൊരു പ്രശ്നമുണ്ട്. ഇത് ഒന്നൊന്നര ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഐ.സി.സി അംഗീകാരമുള്ള രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്ന്. ക്രിക്കറ്റിന് ചേരുന്നതാണ് സ്റ്റേഡിയത്തിലെ ടര്‍ഫ്. പരിശീലന പിച്ചുകളുള്‍പ്പെടേ രാജ്യാന്തര നിലവാരമുള്ള പതിനൊന്ന് പിച്ചുകളുണ്ട്. നിരവധി രാജ്യാന്തര മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷം നടക്കാന്‍ പോകുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കാന്‍ പോകുന്ന വനിത ക്രിക്കറ്റ് ലോകകപ്പാണ്. ഇതേസമയത്താണ് അര്‍ജന്‍റീനയും മെസിയും കേരളത്തില്‍ എത്തുമെന്ന് പറയുന്നത്.
ക്രിക്കറ്റിന് വേണ്ടി കോടികള്‍ ചെലവിട്ട് നിര്‍മിച്ച പിച്ചുകളും ടര്‍ഫും അര്‍ജന്‍റീനയുടെയും മെസിയുടെയും ഒരു കളിക്ക് വേണ്ടി നശിപ്പിക്കുന്നത് എങ്ങനെയെന്നാണ് കെ.സി.എ വൃത്തങ്ങള്‍ ചോദിക്കുന്നത്. സ്റ്റേഡിയം വിട്ട് നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വനിത ലോകകപ്പ് മത്സരങ്ങളും അടുത്ത ജനുവരിയില്‍ നടക്കാന്‍ സാധ്യതയുള്ള ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി ട്വന്‍റി മത്സരവും ഉള്‍പ്പെടേ നഷ്ടമാകും. വീണ്ടു രാജ്യാന്തര നിലവാരമുള്ള പിച്ചുകള്‍ ഒരുക്കാന്‍ മാസങ്ങള്‍ വേണ്ടി വരും. അത്രയും വലിയ സാഹസം വേണമോയെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചോദിക്കുന്നത്.