16ാം വയസില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ്, യൂത്ത് അക്കാദമിയിലേക്ക് എത്തിച്ച ഡച്ച് താരം. ഫാബിയോ കന്നവാരോയും ലിലിയൻ തുറാമുമൊക്കെ ഒരുകാലത്ത് അണിനിരന്ന യുവന്റസ് പ്രതിരോധനിരയില്‍ ഇടം മോഹിച്ച് എത്തിയവന്‍ വൈകാതെ യുവന്റസ് നെക്സ്റ്റ് ജെന്‍ നിരയിലെ പോസ്റ്റര്‍ ബോയ് ആയി. എന്നാല്‍ യുവന്റസിന്റെ പ്ലെയിങ് ഇലവന്‍ സ്വപ്നം കണ്ടുനടന്ന കൗമാരതാരത്തിന് നേരിടേണ്ടി വന്നത് കടുത്ത അവഗണന.
യുവന്റസില്‍ തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും മറ്റൊരു ക്ലബ് കണ്ടെത്തിക്കോളാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടു. ട്രെയിനിങ് ഗ്രൗണ്ടില്‍ മറ്റുതാരങ്ങള്‍ക്കൊപ്പം കൂട്ടാത്തെ ഒറ്റയ്ക്ക് പരിശീലനത്തിന് വിട്ടു. വായ്പ്പയ്ക്ക് എതിരാളികളായ റോമ തിരഞ്ഞെടുത്തതാണ് യുവന്റസിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നവന്‍ മൂന്നുവര്‍ഷത്തിനകം യുവന്റസിന് വെറുക്കപ്പെട്ടവനായി.
15.2 മില്യണ്‍ യൂറോയ്ക്ക് യുവന്റസ് അക്ഷരാര്‍ഥത്തില്‍ ഒഴിവാക്കിയവന്‍ എത്തിയത് പ്രീമിയര്‍ ലീഗ് ക്ലബ് ബോണ്‍മത്തില്‍. ഇതോടെ കൗരമാരതാരത്തിന്റെ പേര് ലോകം ശ്രദ്ധിച്ചുതുടങ്ങി. ഡീന്‍ ഹോയ്സണ്‍. ബോണ്‍മത്തിലെ ഒറ്റസീസണിലെ പ്രകടനം കൊണ്ട് ശ്രദ്ധാകേന്ദ്രമായ സെന്റര്‍ ബാക്ക്. ഇന്ന് 50 മില്യണ്‍ പൗണ്ട് നല്‍കി അഞ്ചുവര്‍ഷത്തേക്കാണ് 20കാരന്‍ ഹോയ്സനെ റയല്‍ മഡ്രിഡ് സ്വന്തമാക്കിയത്.
റയല്‍ മഡ്രിഡ് മനസുവച്ചാല്‍...
കരുത്തും പൊസഷന്‍ പ്ലേയും േചര്‍ന്നതാണ് ഹൊയ്സന്‍ സ്റ്റൈല്‍. പ്രതിരോധത്തില്‍ കോട്ടതീര്‍ക്കുന്നതിനൊപ്പം പന്തുമായി മധ്യനിരയിലേക്ക് കുതിച്ചകുയറാന്‍ മനക്കരുത്തുള്ളവന്‍. ഹൊയ്സന്റെ കാലുകളില്‍ പന്തുകിട്ടിയാല്‍ ബോണ്‍മത്തിന്റെ പ്രത്യാക്രമണം തുടങ്ങുന്നു. ശരവേഗത്തില്‍ എതിരാളിയുടെ പ്രതിരോധത്തിലേക്ക് പന്തെത്തിക്കാന്‍ മിടുക്കനായ ഇരുപതുകാരന്‍. റയല്‍ മഡ്രിഡില്‍ കിലിയന്‍ എംബാപ്പെയും വിനീഷ്യസ് ജൂനിയറും അണിനിരക്കുന്ന ടീമിലേക്ക് ഹോയ്സന്‍ കൂടി എത്തുന്നതോടെ ആരാധകര്‍ പ്രതീക്ഷിക്കുന്നതും ഈ സ്വപ്നമുന്നേറ്റം .
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ആര്‍സനല്‍, ന്യൂകാസില്‍ യുണൈറ്റഡ്, ടോട്ടനംഹോട്സ്പര്‍ എന്നിവരൊക്കെ ഹോയ്സനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് റയല്‍ മഡ്രിഡിന്റെ വരവ്. റയല്‍ ഇറങ്ങിത്തിരിച്ചാല്‍ അയാള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയിരിക്കുമെന്ന പതിവിന് ഹോയ്സന്റെ കാര്യത്തിലും മാറ്റമുണ്ടായില്ല. സെര്‍ജിയോ റാമോസിന്റെ കടുത്ത ആരാധകരനായ ഹോയ്സന്‍റെ തീരുമാനത്തിനായി റയലിന് അധികം കാത്തിരിക്കേണ്ടിയും വന്നില്ല.
കൂവിവിളിച്ച് നെതര്‍ലന്‍റ്സ് ആരാധകര്‍
സ്പെയിന്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ച് ലോകകിരീടം നേടുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് ആംസ്റ്റര്‍ഡാമില്‍ ഡീന്‍ ഹോയ്സന്റെ ജനനം. അഞ്ചുവയസുള്ളപ്പോള്‍ കുടുംബം സ്പെയിനിലെ മലാഗയിലേക്ക് താമസം മാറി. പത്താം വയസില്‍ മലാഗ ക്ലബിന്റെ യൂത്ത് ടീമിലൂടെ പ്രഫഷണലാകാന്‍ തയ്യാറെടുപ്പ്. പതിനാറ് വയസ് മാത്രം പ്രായമുള്ള ഡീന്‍ ഹോയ്സനെ 2021ല്‍ യുവന്റസ് ടീമിലെത്തിച്ചു. യൂത്ത് ലെവലില്‍ നെതര്‍ലന്റ്സിനെ പ്രതിനിധീകരിച്ച ഹോയ്സന്‍ അണ്ടര്‍ 19 ടീം നായകനായിരുന്നു.
ഇതോടെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ നോട്ടമിട്ട ഹോയ്സനെ കഴിഞ്ഞവര്‍ഷം സ്പെയിന്‍ പൗരത്വം നല്‍കി സ്വന്തമാക്കി. മാര്‍ച്ചില്‍ ആദ്യമായി സ്പെയിനിന്റെ സീനിയര്‍ ടീമിലേക്കും ക്ഷണമെത്തി. നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജന്‍മനാടായ നെതര്‍ലന്‍റ്സിന് എതിരെയായിരുന്നു ഹോയ്സന്റെ അരങ്ങേറ്റം. കൂവിവിളിച്ച നെതര്‍ലന്‍റ്സ് ആരാധകര്‍ക്ക് മുന്നില്‍ അരങ്ങേറ്റത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് ആദ്യപാദ ക്വാര്‍ട്ടര്‍ഫൈനലില്‍ ഹോയ്സന്‍ പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പാദത്തില്‍ ലമീന്‍ യമാലിന്റെ ഗോളിന് വഴിയൊരുക്കുക കൂടി ചെയ്തതോടെ സ്പാനിഷ് പ്രതിരോധത്തില്‍ ഹൊയ്സന്‍ ഇടമുറപ്പിച്ചു.
ലക്ഷ്യം ക്ലബ് ലോകകപ്പ്
പ്രതിരോധനിരത്താരങ്ങളുടെ പരുക്കാണ് ഇക്കുറി റയല്‍ മഡ്രിഡിന് കനത്ത തിരിച്ചടിയായത്. ഡേവിഡ് അലബ, എഡെര്‍ മിലിറ്റാവൊ, ഡാനി കാര്‍വഹാള്‍, അന്റൊണിയോ റുഡിഗര്‍, മെന്‍ഡി എന്നിവര്‍ പരുക്കേറ്റ് പുറത്തായതോടെ റയല്‍ പ്രതിരോധം കടന്ന് അനായാസം പന്ത് വലയിലെത്തി. ലാ ലീഗ കിരീടവും ചാംപ്യന്‍സ് ലീഗ് കിരീടവും കൈവിട്ട റയല്‍, ഒന്നും രണ്ടുമല്ല നാലുവട്ടമാണ് ബാര്‍സിലോനയോട് പരാജയപ്പെട്ടത്. ക്ലബ് ലോകകപ്പ് മാത്രമാണ് ഇനി റയല്‍ മഡ്രിഡിന് മുന്നിലുള്ള കിരീടം. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഇക്കുറി ക്ലബ് ലോകകപ്പില്‍ അണിനിരക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കോണ്ടിനന്റല്‍ ചാംപ്യന്‍മാര്‍ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഇക്കുറി ഫിഫ ലോകകപ്പ് മതൃകയിലാണ് ക്ലബ് ലോകകപ്പ്. യൂറോപ്പില്‍ നിന്ന് റയലിനെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി, ബയണ്‍ മ്യൂണിക്, പിഎസ്ജി, ഇന്റര്‍ മിലാന്‍ ടീമുകളും മല്‍സരരംഗത്തുണ്ട്.