ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച IPL മല്‍സരങ്ങള്‍ നാളെ പുനരാംഭിക്കും. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത് നൈറ്റ്റൈഡേഴ്സും തമ്മിലാണ് ആദ്യമല്‍സരം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യമായി കളത്തിലിറങ്ങുന്ന വിരാട് കോലിയിലാണ് എല്ലാ കണ്ണുകളും.
സുരക്ഷാ കാരണങ്ങളാല്‍ എട്ടുദിവസമാണ് കളി നിര്‍ത്തിവച്ചത്. 57മല്‍സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും പ്ലേ ഓഫിലേക്ക് ആരുമെത്തിയിട്ടില്ല. എന്നാല്‍ പ്ലേ ഓഫിനരികെ മൂന്നുടീമുകളുണ്ട്. 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സും റോയല്ചലഞ്ചേഴ്സ് ബെംഗളൂരുവും 15 പോയിന്റുമായി പഞ്ചാബ് കിങ്സും ലീഗില്‍ മുന്നില്‍ നില്‍ക്കുന്നു. ഇടവേള കഴിഞ്ഞ് ടീമുകള്‍ വീണ്ടും കളത്തിലെത്തുമ്പോള്‍ ടീമുകളുടെ തന്ത്രങ്ങളും മാറും. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങള്‍ ആരെല്ലാം തിരിച്ചെത്തുമെന്നതില്‍ വ്യക്തതയില്ല.
ഓസീസ് താരം ജോഷ് ഹെയ്സല്‍വുഡ് തിരിച്ചെത്തുന്നത് റോയല്‍ ചലഞ്ചേഴ്സിന് ആശ്വാസമാകും. രണ്ടുമല്‍സരം ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 11പോയിന്റാണുള്ളത്. മൂന്നുമല്‍സരം ശേഷിക്കെ കോലിയുടെ റോയല്‍ ചലഞ്ചേഴ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോലി ഇറങ്ങുമ്പോള്‍ ആ ബാറ്റില്‍ നിന്നുയരുന്ന ഓരോ റണ്ണിനും ആരവം ഉയരും. കാരണം 14വര്‍ഷത്തെ ടെസ്റ്റ് കരിയറിനോട് വിട പറഞ്ഞ വിരാട് കോലിയുടെ തീരുമാനം നേരത്തെയെന്നാണ് ആരാധക പക്ഷം. വിരാടിന് ആദരം നല്‍കാനായി നാളെ 18ാം നമ്പര്‍ രേഖപ്പെടുത്തിയ വെള്ള ജേഴ്സി അണിഞ്ഞാവും ആരാധകരെത്തുക.