ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗിസൊ റബാദയുടെ ലഹരി ഉപയോഗം. വിലക്കിനെത്തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും റബാഡയ്ക്ക് നഷ്ടമായേക്കും. ഐപിഎലിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞ റബാദ ഇന്നലെയാണ് വിലക്ക് നേരിടുന്ന കാര്യം വെളിപ്പെടുത്തിയത്.
എസ്.എ 20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് കഗിസൊ റബാഡ റിക്രിയേഷണല്‍ ഡ്രഗ് ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. കൊക്കെയ്ന്‍ ഹെറോയിന്‍ എം.ഡി.എം.എ. കഞ്ചാവ് എന്നിവയാണ് റിക്രിയേഷനല്‍ ഡ്രഗിന്റെ പരിധിയില്‍ വരുന്നത്. പ്രകടനം മെച്ചപ്പെടുത്തുന്ന ഉത്തേജകമരുന്നില്ല ഉപയോഗിച്ചതെങ്കിലും റിക്രിയേഷണല്‍ ഡ്രഗുകള്‍ ഉപയോഗിക്കുന്നതിനും കായിക താരങ്ങള്‍ക്ക് വിലക്കുണ്ട്. ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിയമപ്രകാരം റിക്രിയേഷനല്‍ ഡ്രഗ് ഉപയോഗിക്കുന്ന കായികതാരങ്ങള്‍ക്ക് മൂന്നുമാസം മുതല്‍ നാലുവര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാം. മല്‍സരം നടക്കുന്ന സമയത്തല്ല ഇവ ഉപോഗിച്ചതെന്ന് തെളിയിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. ദക്ഷിണാഫ്രിക്ക ഉത്തേജവിരുദ്ധ ഏജന്‍സിയുടെ നിയമമനുസരിച്ച് ലഹരിവിമുകത ചികില്‍സയ്ക്കും റബാദ് വിധേയനാകണം. റബാദയുടെ വിലക്ക് എന്ന് അവസാനിക്കുമെന്നതിലും വ്യക്തതയില്ല. ഇതോടെ ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും റബാദയ്ക്ക് നഷ്ടമായേക്കും. ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ റബാഡയ്ക്ക് ഈ സീസണില്‍ രണ്ടുമല്‍സരങ്ങള്‍ മാത്രമാണ് കളിക്കാനായത്.