kagiso-rabada-new

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗിസൊ റാബദ ഐപിഎലില്‍ നിന്ന് പിന്‍മാറിയത് വിലക്കിനെ തുടര്‍ന്ന്. ദക്ഷിണാഫ്രിക്ക ട്വന്റി 20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാദ ലഹരിമരുന്ന് ഉപയോഗിച്ചതെന്ന് തെളിഞ്ഞത്. പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തേജക മരുന്നല്ല താരം ഉപയോഗിച്ചത്. കഞ്ചാവോ എം.ഡി.എം.എയോ പോലെയുള്ള റിക്രിയേഷണല്‍ ലഹരിമരുന്നാണ്  ഉപയോഗിച്ചത്. ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള താരത്തിന്റെ പരിശോധനാ ഫലമെത്തിയത് ഐപിഎലിനിടെയായിരുന്നു. പിന്നാലെ വിലക്കുവന്നതോടെ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന റബാദ ടീം ക്യാംപ് വിട്ടു.  വ്യക്തിപരമായ കാരണങ്ങളാലാണ് റബാദ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയതെന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയ വിശദീകരണം. ഏപ്രില്‍ മൂന്നാം തിയതിയാണ് താരം ടീം ക്യാംപ് വിട്ടത്. 

സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗില്‍ എം.ഐ കേപ്ടൗണ്‍ താരമാണ് റബാദ. വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്നാണ് ഐപിഎല്‍ ടീമിനെയും റബാദ അറിയിച്ചിരുന്നതെന്നാണ് സൂചന. എന്നാല്‍ ഇന്നുപുറത്തുവന്ന വാര്‍ത്താക്കുറിപ്പിലാണ് വിലക്കിക്കുറിച്ച് റബാദ വെളിപ്പെടുത്തിയത്. വിലക്ക് നേരിടുകയാണെന്നും ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുന്നുവെന്നും റബാദ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനും, ഗുജറാത്ത് ടൈറ്റന്‍സിലും ഒപ്പംനിന്ന കുടുംബാംഗങ്ങള്‍ക്കും റബാദ നന്ദി പറയുന്നു. 

10.75 കോടി രൂപയ്ക്കാണ് 29കാരന്‍ റബാദയെ ഗുജറാത്ത് ടൈറ്റന്‍സ് താരലേലത്തില്‍ സ്വന്തമാക്കിയത്.  ടൈറ്റന്‍സിനായുള്ള അരങ്ങേറ്റമല്‍സരത്തില്‍ 41 റണ്‍സ് വഴങ്ങി താരം ഒരുവിക്കറ്റ് വീഴ്ത്തിയിരുന്നു. മുംൈബ ഇന്ത്യന്‍സിനെതിരായുള്ള രണ്ടാം മല്‍സരത്തിലും ഒരുവിക്കറ്റ് നേടി. പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്റെയും പ്രകടനമികവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് റബാദയുടെ പിന്‍മാറ്റം അത്ര ക്ഷീണമായില്ല. 10 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. അടുത്തആഴ്ചയോടെ  റബാദയ്ക്ക് വിലക്ക് പൂര്‍ത്തിയാക്കി ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേരാനാകും