ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍മാരുടെ വിചാരണ തുടങ്ങി. മറഡോണയ്ക്ക് നടത്തിയ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്ക് ശ്രദ്ധക്കുറവുണ്ടായി എന്നാണ് കേസ്.
1986ലെ ലോകകപ്പ് കിരീടത്തോടെ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറിയ മറഡോണ 2020 നവംബറിലാണ് അന്തരിച്ചത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം. മരിക്കുന്നതിന് കുറച്ചുനാളുകള്‍ക്ക് മുമ്പ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതുമൂലം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ക്കുണ്ടായ ശ്രദ്ധക്കുറവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ബ്യൂണസ് ഐറിസിലെ അപ്പീൽ കോടതിയിലാണ് വിചാരണ നടക്കുന്നത്. ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റീന കോസച്ചോവ്, ഡോക്ടര്‍ നാന്‍സി ഫോര്‍ലീനി തുടങ്ങി കുറ്റം ചുമത്തപ്പെട്ട മുൻ നഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് വിചാരണ നേരിടുന്നത്.
കുടുംബാംഗങ്ങളും ഡോക്ടർമാരും സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരും ഉള്‍പ്പെടെ 100-ലധികം സാക്ഷികളുടെ വിചാരണ മൂന്നംഗ കോടതിയിൽ നടക്കും. അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. അവർ അതിന്റെ ശിക്ഷ നേരിടേണ്ടിവരും എന്ന ബാനറുകളുമായി ആരാധകരും കോടതിക്ക് മുന്നില്‍ ഒത്തുകൂടി. കുറ്റം തെളിയിക്കപ്പെട്ടാൽ, വിചാരണ നേരിടുന്നവര്‍ക്ക് 8 മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. നീതി നടപ്പിലാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്
മറഡോണയുടെ മക്കളിൽ ഒരാളുടെ അഭിഭാഷകനായ മാരിയോ ബ്രൗഡി പറഞ്ഞു.