ബാഡ്മിന്‍റണ്‍ മിക്സഡ് ടീം ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി ഇന്ത്യന്‍ താരം പിവി സിന്ധു. പിന്‍തുടയിലെ ഞരമ്പിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് സിന്ധു പിന്മാറിയത്. ഇതോടെ വിവാഹ ശേഷം കളിക്കളത്തിലേക്കുള്ള സിന്ധുവിന്‍റെ തിരിച്ചുവരവ് വൈകും.
ഫെബ്രുവരി നാലിന് ഗുവാഹത്തിയിലെ പരിശീലനത്തിനിടെയാണ് സിന്ധുവിന് പിന്‍തുടയിലെ ഞരമ്പില്‍ വേദന അനുഭവപ്പെട്ടത്. എംആര്‍ഐ പരിശോധനയില്‍ തിരിച്ചുവരവിന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായി. ഇക്കാരണത്താലാണ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് സിന്ധു എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ലക്ഷ്യ സെന്‍, എച്ച്എസ് പ്രണോയ്, സ്വാതിക് സായ്‍രാജ്, ചിരാഗ് ഷെട്ടി എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം ഗുവാഹത്തിയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സില്‍ പരിശീലനത്തിലാണ്. സിന്ധുവിന്‍റെ പിന്മാറ്റം ടീമിന് തിരിച്ചടിയാണ്. 2023 റണ്ണേഴ്സ് അപ്പായ ദക്ഷിണ കൊറിയ, മക്കാവു എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ടീം ഇന്ത്യ. ഫെബ്രുവരി 12 ന് മക്കാവുവിലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് പിവി സിന്ധു ഉദയ്പുരില്‍വെച്ച് വിവാഹിതയായത്. സോഫ്റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ വെങ്കടദത്ത സായിയാണ് സിന്ധുവിന്‍റെ ഭർത്താവ്.