സന്തോഷ് ട്രോഫി ഫുട്ബോളിൽ മലയാളി താരം മുഹമ്മദ് ജാബിർ തെലങ്കാനയ്ക്കായി ബൂട്ടണിയും. ഹൈദരാബാദിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന ഒറ്റപ്പാലം പത്തംകുളം കാരുകുളം വീട്ടിൽ മുഹമ്മദ് ജാബിറിന്റെ ആദ്യ സന്തോഷ് ട്രോഫി ടൂർണമെന്റാണിത്.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച 22 അംഗ ടീമിൽ ഇടംപിടിച്ച ജാബിർ ആദ്യ പതിനൊന്നിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ. 14 നു രാജസ്ഥാനുമായാണു തെലങ്കാനയുടെ ആദ്യ മത്സരം. ഇടതുവിങ്ങിൽ ഡിഫന്ററായ ജാബിർ രണ്ടരമാസത്തെ പരിശീലന ക്യാംപിൽ പങ്കെടുത്ത ശേഷമാണു തെലങ്കാനയുടെ കുപ്പായമണിയാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞതവണ ക്യാംപിൽ പങ്കെടുത്തിരുന്നെങ്കിലും നേരിയ വ്യത്യാസത്തിൽ നഷ്ടമായ അവസരം ഇത്തവണ ജാബിർ കഠിനാധ്വാനത്തിലൂടെ കയ്യെത്തിപ്പിടിക്കുകയായിരുന്നു.
അഭിമാന നേട്ടം സ്വന്തമാവുന്നതിനുള്ള കാത്തിരിപ്പിലാണ് മുഹമ്മദ് ജാബിറിന്റെ കുടുംബം. നിലവിൽ ഇന്ത്യൻ ആർമി താരമാണ്. ചെറുപ്പം മുതൽ ഫുട്ബോൾ കൂടെക്കൊണ്ടുനടക്കുന്ന ജാബിർ പഠനകാലത്തു ജില്ലാ ടീമിൽ അംഗമായിരുന്നു. ഇംഗ്ലിഷ് ബിരുദധാരിയായ ജാബിർ സർവകലാശാലാ മത്സരങ്ങളിലെ മിന്നുംതാരമായിരുന്നു. നാട്ടിലെ പ്രാദേശിക ക്ലബ്ബുകളിലൂടെ തേച്ചുമിനുക്കിയെടുത്ത പ്രതിഭയാണു ജാബിറിന്റേത്. പ്രിയതാരത്തിന്റെ സ്വപ്ന നേട്ടത്തിൽ ഏറെ ആഹ്ലാദത്തിലാണ് കുടുംബവും നാടും